തൃശ്ശിലേരി: തൃശ്ശിലേരിയിൽ കടുവയുടെ ആക്രമണത്തിൽ പശു ചത്തു. തൂത്തോട് ഓണിശ്ശേരിയിൽ ഒ.ടി.ജോസഫിന്റെ രണ്ടര വയസ്സുള്ള പശുവാണ് ചത്തത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പശുവിനെ വീടിനോട് ചേർന്ന വയലിൽ മേയാൻ കെട്ടിയതായിരുന്നു. ജോസഫിന്റെ മകന്റെ ഭാര്യ സൗമ്യ ഉച്ചയ്ക്ക് പശുവിനെ മാറ്റി കെട്ടാനായി ചെന്നപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. സൗമ്യയുടെ നേരെയും കടുവ തിരിഞ്ഞെങ്കിലും സൗമ്യ ബഹളം വെച്ച് ഓടി വീട്ടിൽക്കയറുകയായിരുന്നു. സംഭവമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. വെറ്ററിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തിയ ശേഷം നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്കായുള്ള നടപടി സ്വീകരിക്കുമെന്ന് വനപാലകർ അറിയിച്ചു.