soman
നിറഞ്ഞ് കായ്ച മാംഗോസ്റ്റിന് അരികെ സോമനാഥൻ മാസ്റ്റർ

പുൽപ്പളളി: പുൽപ്പളളിയിലെ 'സുരഭി'യിൽ ഒാണക്കാഴ്ചയായി മാംഗോസ്റ്റിനും. സുരഭിയിലെ മറ്റു പഴങ്ങൾക്കൊപ്പം മാംഗോസ്റ്റിനും സ്ഥാനം പിടിച്ചതോടെ പുൽപ്പളളി വിജയ ഹൈസ്കൂളിലെ മുൻ ഹെഡ് മാസ്റ്ററും ജില്ലയിലെ ആദ്യകാല ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ കെ.കെ. സോമനാഥൻ മാസ്റ്റർക്ക് ഏറെ ആനന്ദം.

സഹധർമ്മിണിയും അദ്ധ്യാപികയുമായിരുന്ന വിലാസിനിയാണ് വർഷങ്ങൾക്ക് മുമ്പ് മറ്റ് ഫലവൃക്ഷങ്ങൾക്കൊപ്പം മാംഗോസ്റ്റിനും നട്ടത്. 2006 ആഗസ്റ്റ് 26ന് വിലാസിനി ടീച്ചർ മരണമടഞ്ഞു. മറ്റൊരു ആഗസ്റ്റിൽ തന്നെ മാംഗോസ്റ്റിൻ പഴുത്തു. വീട്ടിൽ ഇപ്പോൾ മാസ്റ്റർക്കൊപ്പം ആരുമില്ല. മക്കളായ ഡോ: സ്വപ്നയാ ജ്വലനും സൗമ്യ ജയപ്രകാശും ഭർത്താക്കന്മാർക്കൊപ്പമാണ്.

സുരഭിയിലെ തൊടിയിൽ വിളയുന്ന മധുരക്കനികൾ മാസ്റ്റർ വീട്ടിൽ വരുന്നവർക്കും മറ്റുമായി നൽകാറാണ് പതിവ്. പലതരം തേൻമാവുകൾ,ഞാവൽ,പേരകൾ,സപ്പോട്ട അങ്ങനെ പോകുന്നു സുരഭിയിലെ തൊടിയിലുളള മധുരക്കനികൾ. പഴങ്ങൾ തേടി പക്ഷികളും മറ്റും എത്തും. ബാക്കി മറ്റുള്ളവർക്ക് സ്നേഹസമ്മാനമായി നൽകും. ഇഷ്ടക്കാർക്ക് സ്വന്തം ചെലവിൽ മാസ്റ്റർ തന്നെ പാർസലായി അയച്ച് കൊടുക്കും.

1996 മാർച്ച് 31നാണ് വിജയ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ പദവിയിൽ നിന്ന് സോമനാഥൻ മാസ്റ്റർ വിരമിച്ചത്. വലിയൊരു ശിഷ്യ സമ്പത്തും ഇദ്ദേഹത്തിനുണ്ട്. മക്കളെ വിവാഹം കഴിച്ചയച്ചതോടെ മാസ്റ്ററുടെ ശ്രദ്ധ തൊടിയിലെ ഫലവൃക്ഷങ്ങളേിലായി. പിന്നെ പരന്ന വായനയും. ശ്രീനാരായണ ചരിത്രം ഇത്രയും വായിച്ച് പഠിച്ച മറ്റൊരാൾ വയനാട്ടിൽ വേറെയുണ്ടാവുല്ല.

ഗുരുനിത്യചൈതന്യയതി അടക്കമുളള മഹത്‌വ്യക്തികൾ മാസ്റ്ററെ തേടി വീട്ടിലെത്തിയിട്ടുണ്ട്.

നല്ലൊരു കവികൂടിയാണ് മാസ്റ്റർ. മാംഗോസ്റ്റിൻ മരം നിറയെ കായ്ച്ചപ്പോൾ അതിനെക്കുറിച്ചും 'ഒാണക്കാഴ്ച' എന്ന പേരിൽ കവിത എഴുതി. അകാലത്തിൽ വിട്ട് പോയ സഹധർമ്മിണിയെക്കുറിച്ചും അതിൽ വിവരിക്കുന്നുണ്ട്.

1941 ഫെബ്രുവരി 3ന് കോട്ടയം ജില്ലയിലെ കല്ലറ കല്ലുകടവിൽ കേശവന്റെയും പാർവ്വതിയുടെയും മക്കളിൽ ആറാമനായാണ് ജനനം.