സുൽത്താൻ ബത്തേരി: ഓണപൂക്കളങ്ങളിൽ നിന്ന് നാടൻ പൂക്കൾ വിട ചൊല്ലിയിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ കൊവിഡിൽ അന്യസംസ്ഥാന പൂക്കളുടെ വരവ് നിലച്ചതോടെ വീണ്ടും വീട്ടുമുറ്റങ്ങളിൽ പഴമയുടെ നാടൻ പൂക്കളങ്ങൾ ഉയർന്നു. തുമ്പയും അരിപ്പൂവും കൊളാമ്പി പൂവും ഓണപ്പുവുമെല്ലാം വീട്ടുമുറ്റത്ത് 'വിരിഞ്ഞ് ' സുഗന്ധം പരത്തുകയാണ്. അന്യ സംസ്ഥാന പൂക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ തൊടിയിലും വേലിക്കെട്ടിലും പൂക്കൾ തേടിപോകുന്ന കാഴ്ചയാണെങ്ങും.
കർണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന പൂക്കളാണ് കുറെ കാലമായി മലയാളിയുടെ പൂക്കളങ്ങളെ വർണാഭമാക്കിയത്. പഴമയുടെ പൂക്കളം വീട്ടുമുറ്റത്ത് ഉയർന്നതോടെ നന്മയുടെ ഒത്തുച്ചേരലിന്റെ ഓണപൂക്കളങ്ങളാണ് ഈ കൊവിഡ് കാലം മലയാളിക്ക് സമ്മാനിച്ചത്.