koni
അമ്മദിന്റെ വീട്ടിലേക്ക് പോകാൻ കരാറുകാരൻ സ്ഥാപിച്ച കോണി

മാനന്തവാടി:കരാറുകാരൻ വാക്ക് പാലിക്കാത്തതിനാൽ വീട്ടിലേക്കിറങ്ങാൻ വഴിയില്ലാതെ ദുരിതത്തിലാണ് എടവക ഈസ്റ്റ് പാലമുക്ക് അവറാൻ അമ്മതും കുടുംബവും.
തോണിച്ചാൽ പള്ളിക്കൽ റോഡ് നവീകരണത്തിന്റെ ഭാഗമായി ഓവുചാൽ നിർമ്മിക്കുന്നതിനാണ് അമ്മദിന്റെ വീട്ടിലേക്കുള്ള വഴി മുഴുവനായും പൊളിച്ച് കളഞ്ഞത്. പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ വഴി നിർമ്മിച്ച് നൽകാമെന്നായിരുന്നു കരാറുകാരന്റെ വാക്ക്. ഈ കാലയളവിൽ അമ്മദും കുടുംബവും അടുത്ത വീട്ടിലെ മുറ്റത്ത് കൂടിയായിരുന്നു പോയി കൊണ്ടിരുന്നത്. വീടിന്റെ ഒരു ഭാഗത്ത് ഓവുചാലിന് മുകളിൽ സ്ലാബിട്ട് മണ്ണിട്ടതോടെ ഇതുവഴിയും വീട്ടിലേക്ക് ഇറങ്ങാൻ പറ്റാതായി. റോഡ് നിർമ്മാണം പൂർത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും വഴിയുടെ കാര്യത്തിൽ നടപടി ഇല്ലാതായതോടെ നാട്ടുകാരും പൊതുമരാമത്ത് വകുപ്പും ഇടപെട്ടെങ്കിലും കരാറുകാരൻ ദുർബലമായ ഒരു കോണി വച്ച് പോവുകയായിരുന്നു. എന്നാൽ കോണി അമ്മദിനും കുടുംബത്തിനും ദുരിതം ഇരട്ടിയാക്കി. കൈവരിയില്ലാത്ത കോണിയിലൂടെ സാഹസികമായാണ് 65 കാരനായ അമ്മദ് വീട്ടിലേക്ക് പോകുന്നത്. അസുഖം വന്നാൽ വീട്ടുകാരെ ചുമന്ന് കൊണ്ടുപോകണം.
രോഗിയായ അമ്മദിന് ജോലിക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. സ്വന്തമായി വഴി നിർമ്മിക്കാനുള്ള സാമ്പത്തിക ശേഷിയും ഈ കുടുംബത്തിനില്ല. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ അനിശ്ചിതത്വത്തിൽ കഴിയുകയാണ് ഈ കുടുംബം.