ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നാട് ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് മഹാജയന്തി ആഘോഷിച്ചു.
ജില്ലയിലെ കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, ചേപ്പാട്, കായംകുളം, മാവേലിക്കര, കാർത്തികപ്പള്ളി, മാന്നാർ, ചാരുംമൂട്, കുട്ടനാട് സൗത്ത്, കുട്ടനാട്, ചെങ്ങന്നൂർ യൂണിയനുകളിലും ശാഖാ തലത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുമാണ് ജയന്തി ആഘോഷം നടത്തിയത്. ഘോഷയാത്രകളും സമ്മേളനങ്ങളും ഒഴിവാക്കിയെങ്കിലും വഴിയോരങ്ങളിൽ പീത വർണ്ണം നിറഞ്ഞു. ശാഖാപ്രവർത്തകർ, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുമാരിസംഘം പ്രവർത്തകർ, ബാലജനയോഗം, എംപ്‌ളോയീസ് ഫോറം, പെൻഷൻഫോറം, കുടുംബയൂണിറ്റ്, ഗുരുധർമ്മ പ്രചാരണസഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഗുരുക്ഷേത്രങ്ങളിൽ ശാന്തിഹവനം, ഗുരുദേവ കൃതികളുടെ പാരായണം, ഭവനങ്ങളിൽ പ്രാർത്ഥന തുടങ്ങിയ ആചാരപരമായ ചടങ്ങുകൾ നടന്നു.
എസ്.എൻ.ഡി.പി.യോഗം അമ്പലപ്പുഴ യൂണിയന്റെ കീഴിലുള്ള ശാഖകളിൽ പ്രാർത്ഥന, ഗുരുദേവ പുഷ്പാർച്ചന, ഗുരുപ്രഭാഷണങ്ങൾ, ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജ തുടങ്ങിയവ നടന്നു. യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ചിത്രത്തിൽ യൂണിയൻ നേതാക്കൾ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. പ്രാർത്ഥനയിൽ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, വൈസ് പ്രസിഡന്റ് ബി.രഘുനാഥ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത് യൂണിയൻ കൗൺസിൽ അംഗങ്ങളായ എം.രാജേഷ്, എസ്.സിദ്ധകുമാർ, വി.ആർ.വിദ്യാധരൻ, കെ.പി.ബൈജു, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന അശോക് കുമാർ, കേന്ദ്ര കമ്മിറ്റി അംഗം ബിന്ദു അജി, യൂണിയൻ സമിതി അംഗം ശാന്തി, യൂത്ത് മൂവ്മെന്റ് താലൂക്ക് പ്രസിഡന്റ് പി.വി.വേണുഗോപാൽ, സെക്രട്ടറി രഞ്ജിത്ത് എംപ്ളോയീസ് ഫോറം പ്രസിഡന്റ് കലേഷ്, പെൻഷൻഫോറം സെക്രട്ടറി ദിലീപ് എന്നിവർ പങ്കെടുത്തു.
കുട്ടനാട് സൗത്ത് യൂണിയനിലെ 44 ശാഖകളിലും ആചാരപരമായ ചടങ്ങുകൾ നടത്തി. യൂണിയൻ ആസ്ഥാനത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ജെ.സദാനന്ദൻ പതാക ഉയർത്തി. വനിത സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന യോഗം നടന്നു. ചതയദിന സന്ദേശ സമ്മേളനം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ. സുപ്രമോദം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എൻ.മോഹൻദാസ്, ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, കമ്മിറ്റി അംഗം വി.പി.സുജീന്ദ്ര ബാബു, വനിതാ സംഘം യൂണിയൻ കൺവീനർ നിമ്മി ജിജി, വിമലാ രാജേന്ദ്രൻ, യൂത്ത്മൂന്ന്മെന്റ് ചെയർമാൻ സനൽകുമാർ, കൺവീനർ വികാസ് തുടങ്ങിയവർ പങ്കെടുത്തു.