ആലപ്പുഴ: കാമറയ്ക് തൊഴിലിന് അപ്പുറത്തേക്കുള്ള ഭാഷ്യം നൽകുന്ന സുഗതൻ വട്ടയ്ക്കാട്, കൊവിഡ് പ്രതിരോധ സന്ദേശത്തിൻറ്റെ തിരക്കിലാണിപ്പോൾ. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറയുന്ന മൂന്ന് മിനിട്ട് 10 സെക്കൻഡ് ദൈർഘ്യമുള്ള ഫോട്ടോ ഫീച്ചർ സോഷ്യൽ മീഡിയയിൽ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഓണക്കാലത്ത് കേരളത്തിലെത്തുന്ന മഹാബലിയും വാമനനും നേരിട്ട് ബോദ്ധ്യപ്പെടുന്ന കൊവിഡ് കാഴ്ചകളാണ് തുടർച്ചയായ നിശ്ചല ദൃശ്യങ്ങളിലൂടെ സുഗതൻ വരച്ചു കാട്ടുന്നത്. പ്രജകളെ ഓണക്കാലത്ത് കാണാനെത്തുന്ന മാവേലി മാസ്ക് ധരിക്കുന്നില്ല. അടഞ്ഞു കിടക്കുന്ന ചന്തകളും വാതിലുകൾ തുറക്കാത്ത ആരാധനാലയങ്ങളും ആട്ടാനാവാതെ കയർ പൊട്ടിക്കിടക്കുന്ന ഊഞ്ഞാലും മാവേലിയുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു. മാസ്ക് ധരിക്കാതെ എത്തുന്നതു മൂലം, തന്നെ എന്നും ആരാധനയോടെ വരവേറ്റിരുന്ന പ്രജകൾ തിരിഞ്ഞോടുന്ന കാഴ്ചയും മാവേലിയെ വല്ലാതെ അമ്പരപ്പിക്കുന്നു.മാവേലിക്കൊപ്പമെത്തുന്ന വാമനന്റെ സ്ഥിതിയും മറിച്ചല്ല.ഒടുവിൽ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും മാവേലിയെ മാസ്ക് ധരിപ്പിക്കുകയും അദ്ദേഹം തന്നെ, മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത വിളംബരം ചെയ്യുന്നതുമാണ് ഫോട്ടോ ഫീച്ചറിന്റെ പരിസമാപ്തി.

രാജീവ്കുമാർ, കെ.എസ്. ശ്രീറാം, കെ.പി.എ.സി പ്രദീപ്, അനിത കെ.പി.എ.സി, സത്യൻ വള്ളികുന്നം,ഹരികൃഷ്ണൻ,ശ്രീദേവി റാന്നി,ഷീബ, ആവണി, മനോജ് തിരുവല്ല,മനോജ് അരിനല്ലൂർ, കെ.ആർ.രാമചന്ദ്രൻ, ഷിബിൻസുനി, തങ്കമ്മ വട്ടയ്ക്കാട് തുടങ്ങിയവരാണ് കഥാപാത്രങ്ങളാവുന്നത്.

ടി.പ്രസന്നൻ, എസ്.മോഹനചന്ദ്രൻ ചെറുനിക്കൽ,സജി ഓച്ചിറ, വിനോദ്, മനോജ് കീപ്പള്ളി തുടങ്ങിയവരാണ് സാങ്കേതിക സഹായം. ആശയവും ആവിഷ്കാരവും സുഗതൻ വട്ടയ്ക്കാട്. ഫോട്ടോഗ്രാഫി രംഗത്ത് അരനൂറ്റാണ്ട് പിന്നിടുന്ന വള്ളികുന്നം കാരാണ്മ പണിക്കശ്ശേരിൽ സുഗതൻ വട്ടയ്ക്കാട് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിന് വേണ്ടി ദീർഘകാലം ചിത്രങ്ങളെടുത്തിട്ടുണ്ട്.

സുനാമി നാളുകളിൽ പകർത്തിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. തകഴി മുതൽ പുതുശ്ശേരി രാമചന്ദ്രൻ വരെയുള്ള പ്രമുഖരുടെ ചിത്രങ്ങളും പകർത്താൻ കഴിഞ്ഞു.കായംകുളം കെ.പി.എ.സിയുടെ മിക്ക നാടകങ്ങളുടെയും സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു. ചിയാക് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്കായി എല്ലാ ജില്ലകളിലും സർക്കാരിന് വേണ്ടി ചിത്രങ്ങളെടുത്തു. മൂന്നര പതിറ്രാണ്ടായി തൃശ്ശൂർ പൂരത്തിന്റെ ചിത്രങ്ങൾ പകർത്തുന്നുണ്ട്.

അന്തരിച്ച പ്രമുഖ ചലച്ചിത്ര നിശ്ചല ഛായാഗ്രാഹകനും നടനുമായിരുന്ന എൻ.എൽ.ബാലകൃഷ്ണനൊപ്പം നിരവധി ചലച്ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. അങ്കണവാടി അദ്ധ്യാപികയായ ശ്യാമളകുമാരിയാണ് ഭാര്യ.ആസ്ട്രേലിയയിൽ സോഫ്റ്റ് വെയർ എൻജിനിയറും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ വിഷ്ണു കാരണവരാണ് മകൻ.വള്ളികുന്നത്തെ കമ്മ്യൂണിസ്റ്റ് സമരചരിത്ര നായകരായ സി.കെ. കുഞ്ഞിരാമൻ, ടി.കെ തേവൻ തുടങ്ങിയവരുടെ ജീവിത രേഖകൾ ആലേഖനം ചെയ്യുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്.