t

അമ്പലപ്പുഴ: കൊവിഡ് വിലങ്ങനെ വീണതോടെ ആലപ്പുഴ മെഡി. ആശുപത്രിയുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിൽ.

നേരത്തെ 1,2,3,4,11,12 വാർഡുകളാണ് കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കാനായി ഏറ്റെടുത്തത്. നിലവിൽ കൊവിഡ് ബാധിച്ചും നിരീക്ഷണത്തിലുമായി ഡോക്ടർമാരടക്കം 210 പേർ ഡ്യൂട്ടിയിൽ നിന്ന് ഒഴിവായി. ഇതോടെ ജീവനക്കാരുടെ കുറവു മൂലം 3, 4 വാർഡുകൾ അടച്ചു. ഇപ്പോൾ 1,2,11,12 വാർഡുകളാണ് കൊവിഡിനായി ഉള്ളത്. ഇതിൽ 12-ാം വാർഡ് കൊവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി മാറ്റിയിരിക്കുകയാണ്. ഇതോടൊപ്പം കൊവിഡ് ലേബർ റൂമും ഉണ്ട്.

ഡോക്ടർമാരടക്കം നിരവധി പേർക്ക് കൊവിഡ് പോസിറ്റീവ് ആയതോടെ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലായി. അടിയന്തര ശസ്ത്രക്രിയകൾ പോലും മാറ്റിവച്ചതോടെ നിരവധി രോഗികൾ മരണവുമായി മല്ലിടുകയാണ്. തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ ഓണം കണക്കിലെടുത്ത് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇതും മാറ്റിവയ്ക്കാനാണ് തീരുമാനം. അപകടങ്ങളിൽപ്പെട്ടവർക്കു പോലും അടിയന്തര ചികിത്സ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.

മെഡിക്കൽ കോളേജ് ആശുപത്രിക്കു പകരം ജനറൽ ആശുപത്രിയും സ്ത്രീകളുടെയും കുട്ടികളുടെയും കടപ്പുറം ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കി മാറ്റിയിരുന്നെങ്കിൽ സാധാരണ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ മുടക്കം കൂടാതെ ലഭിക്കുമായിരുന്നു. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ സാധാരണക്കാർ വലിയ തുക മുടക്കി മറ്റ് ജില്ലകളിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലായി.ആലപ്പുഴ ജില്ലയിൽ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രികൾ ഇല്ലാത്തതിനാൽ കടുത്ത ദുരിതമാണ് രോഗികൾ അനുഭവിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പടർന്നതോടെ സ്കാനിംഗ്, ഡയാലിസിസ് പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്.

 മറ്റു വിഭാഗങ്ങളും ഭീഷണിയിൽ

വരും ദിവസങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ പ്രവർത്തിക്കുന്ന വിഭാഗങ്ങളും അടയ്ക്കാനാണ് സാദ്ധ്യത. ഇപ്പോൾ ഏതാനും നഴ്സുമാരടക്കമുള്ള ജീവനക്കാരുടെ സേവനം മാത്രമാണ് ആശുപത്രിയിൽ ലഭിക്കുന്നത്. കൊവിഡിന്റെ കെയറോഫിൽ ഡോക്ടർമാരിൽ പലരും എത്താറില്ല. നഴ്സുമാർ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോണിലൂടെ ചികിത്സ നൽകുകയാണ് ഡോക്ടർമാർ ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.

 വെറുതെ ഒരു ജനറൽ ആശുപത്രി

പുതിയ കൊവിഡ് രോഗികൾക്കായി ആലപ്പുഴ ജനറൽ ആശുപത്രി ഏറ്റെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ആശുപത്രി വികസന സമിതിയെപ്പോലും നോക്കുകുത്തിയാക്കിയാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. നിലവിൽ 293 പേരാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. ഇത്രയും പേരെ പ്രവേശിപ്പിച്ചപ്പോൾത്തന്നെ പ്രവർത്തനം താറുമാറായി. ഇനി കൂടുതൽ പേരെ പ്രവേശിപ്പിക്കുമ്പോൾ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളും അടച്ചു പൂട്ടേണ്ട അവസ്ഥയാണ്.