അരൂർ: അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ വീട്ടിലെത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. ഫോർട്ട് കൊച്ചി പള്ളി പറമ്പിൽ സനോജ് (23), എരമല്ലൂർ നിരക്കശേരിൽ തൻവർ (സൽവർ -29) എന്നിവരാണ് പിടിയിലായത്. മറ്റ് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ചന്തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശിയുടെ വീട്ടിൽ തിരുവോണത്തലേന്ന് രാത്രിയിൽ ആയിരുന്നു സംഭവം. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയും ഭർത്താവും പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അരൂർ പൊലീസ് അറിയിച്ചു. എന്നാൽ പീഡന കേസ് പൊലീസ് ഒതുക്കാൻ ശ്രമിച്ചെന്ന് ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റിയും ഹിന്ദു സേവാ കേന്ദ്രം ഭാരവാഹികളും ആരോപിച്ചു.