sudha

ആലപ്പുഴ: ഉത്രാടദിനത്തിൽ കൗമുദി ടി.വി സംപ്രേഷണം ചെയ്ത, മന്ത്രി
ജി. സുധാകരൻറ്റെ അഭിമുഖം ശ്രദ്ധേയമായി. മന്ത്രിയും പത്നി ഡോ.ജൂബിലി നവപ്രഭയും ഒരുമിച്ചാണ് അഭിമുഖത്തിൽ പങ്കെടുത്തത്.

രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കി മന്ത്രിയുടെ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ മാത്രം ഉൾക്കൊള്ളിച്ചതായിരുന്നു അഭിമുഖം. മുൻകാലത്തെ ഓണവിശേഷങ്ങളും പങ്കുവച്ചു. സാധാരണ വെള്ള വസ്ത്രങ്ങൾ മാത്രം ധരിക്കാറുള്ള സുധാകരൻ അഭിമുഖത്തിൽ പങ്കെടുത്തത് ഇളം നിറത്തിലുള്ള ഷർട്ട് ധരിച്ചായിരുന്നുവെന്നതും പ്രത്യേകതയായി. അതേ വേഷവിധാനത്തിൽ മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഓണാശംസ കണ്ടത് രണ്ടേകാൽ ലക്ഷം പേർ. കിട്ടിയ ലൈക്ക് 24,000 ത്തോളം.

മന്ത്രിയുടെ ആഹാരരീതികൾ, വീട്ടിലെ പെരുമാറ്റം തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി തന്നെ ഭാര്യ അഭിമുഖത്തിൽ വ്യക്തമാക്കി. മന്ത്രിയുടേത് പെട്ടെന്ന് ക്ഷോഭിക്കുന്ന പ്രകൃതമാണെന്നാണ് പത്നിയുടെ പക്ഷം. വീട്ടിൽ സൂക്ഷിച്ചിട്ടുള്ള പുസ്തകങ്ങൾ ക്രമം തെറ്റിവച്ചാലാണ് കൂടുതൽ ക്ഷോഭിക്കാറുള്ളതെന്നും ആലപ്പുഴ എസ്.ഡി കോളേജിലെ മുൻ വകുപ്പുമേധാവി കൂടിയായ ജൂബിലി നവപ്രഭ പറയുന്നു.

കൊവിഡ് പ്രതിസന്ധി കാരണം ഇക്കുറി കാര്യമായ ഓണാഘോഷമില്ല. കുട്ടിക്കാലത്തെ ഓണാഘോഷത്തിന്റെ ഓർമ്മകൾ ഇരുവരും പങ്കുവച്ചു.കൂട്ടുകാർക്കൊപ്പം ചേർന്നുള്ള ഓണക്കളികൾ ഇപ്പോഴും മനസിൽ പച്ചപിടിച്ചു നിൽക്കുന്നു. വിവാഹത്തിന് മുമ്പ് തനിക്ക് എഴുതിയ കാവ്യശൈലിയുള്ള കത്തിനെക്കുറിച്ചും ജൂബിലി നവപ്രഭ അഭിമുഖത്തിൽ വിശദീകരിച്ചു.