ചേർത്തല: ശ്രീനാരായണ ഗുരുദേവ ജയന്തി കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി, എസ്.എൻ.ഡി.പി യോഗത്തിന്റെ നിർദ്ദേശ പ്രകാരം ചേർത്തല,കണിച്ചുകുളങ്ങര യൂണിയനുകളിൽ ചടങ്ങുകൾ മാത്രമായാണ് നടത്തുന്നത്.
ചേർത്തല യൂണിയനിൽ രാവിലെ 9ന് പതാക ഉയർത്തൽ,തുടർന്ന് അങ്കണത്തിലെ വിശ്വധർമ്മ ക്ഷേത്രത്തിലെ ഗുരു പ്രതിമയിൽ മാല ചാർത്തിയ ശേഷം പ്രാർത്ഥനയും നടക്കും.യൂണിയൻ അതിർത്തിയിലെ മുഴുവൻ ശാഖകളിലും ശ്രീനാരായണീയ ഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനയും നടക്കും.തുടർന്ന് ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും കൊവിഡ് മാദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്യും. യൂണിയൻ ഓഫീസിന് മുകളിലത്തെ നിലയിൽ ഒരുക്കിയിട്ടുള്ള വനിതാസംഘം താലൂക്ക് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ നിർവഹിക്കും.ദീപപ്രകാശനം യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ നിർവഹിക്കും.
ഓഫീസിലെ ഗുരുദേവ ഫോട്ടോ അനാച്ഛാദനം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിക്കും. സംഘം പ്രസിഡന്റ് റാണി ഷിബു,സെക്രട്ടറി സി.എസ്. ശോഭിനി ചങ്ങരങ്ങാട്ട്,മറ്റ് വനിതാസംഘം നേതാക്കളും പങ്കെടുക്കും. കണിച്ചുകുളങ്ങര യൂണിയനിൽ യൂണിയൻ-യൂത്ത്മൂവ്മെന്റ്-വനിതാസംഘങ്ങളുടെ നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ രാവിലെ 10ന് ഗുരുദേവ പ്രാർത്ഥന നടക്കും.യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,വൈസ് പ്രസിഡന്റ് ധനേശൻ പൊഴിക്കൽ,സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ കൗൺസിലർമാർ,യൂത്ത്മൂവ്മെന്റ്,വനിതാസംഘം നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.