s

നിർമ്മാണോദ്ഘാടനം ഒക്ടോബർ 10നുള്ളിൽ

ആലപ്പുഴ : പ്രളയത്തിൽ നിന്ന് രക്ഷ നേടാനാകും വിധം ഉയർത്തി ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും. 24.14കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡിന്റെ നിർമ്മാണം പലഭാഗങ്ങളായി തിരിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിർമ്മാണ ജോലികൾ ഒരേസമയം ആരംഭിക്കാനാണ് നീക്കം.

കരാർനടപടികൾ പൂർത്തികരിച്ച പദ്ധതിയുടെ നിർമ്മാണം മൂന്ന് വർഷം കൊണ്ട് യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യം. നിർമ്മാണോദ്ഘാടനം അടുത്തമാസം 10നുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ നിർമ്മാണ ചെലവിന് 671.66കോടിയുടെ ഭരണാനുമതി ലഭിച്ചു. പ്രളയകാലത്ത് സ്ഥിരമായി വെള്ളക്കെട്ട് അനുഭവപ്പെടുന്ന അഞ്ച് സ്ഥലങ്ങളിലായി 1.795കിലോമീറ്റർ നീളത്തിൽ ഫ്‌ളൈ ഓവർനിർമ്മിക്കും. ആദ്യം റോഡ് പൂർണ്ണമായും ഫ്‌ളൈ ഓവറിൽ നിർമ്മിക്കാൻ ആലോചിച്ചെങ്കിലും 1500കോടിയിൽ അധികം രൂപ ചെലവ് വരുമെന്നതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെത്തുടർന്ന് മന്ത്രി ജി. സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കിയത്. പദ്ധതി പൂർത്തികരിക്കുന്നതോടെ എ-സി റോഡിലെ ഗതാഗതം ഏത് കാലാവസ്ഥയിലും സുഗമമാകുന്നതിനൊപ്പം സൗന്ദര്യാത്മകവുമാകും.

2018ലെ പ്രളയത്തിൽ റോഡിൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ വെള്ളം കയറിയതിനാൽ രണ്ട് മാസത്തോളം ഗതാഗതം നിലച്ചിരുന്നു. പിന്നീട് 10 കോടി ചെലവാക്കി താഴ്ന്ന പ്രദേശങ്ങൾ മെച്ചപ്പെടുത്തി.

 നിർമ്മാണം മൂന്ന് വിധം

പ്രളയത്തിലെ ഉയർന്ന ജലനിരപ്പ് അടിസ്ഥാനമാക്കി റോഡ് ഉയർത്താൻ 20 കി.മീറ്റിറിൽ മൂന്ന് തരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്. ആദ്യത്തെ 2.9 കി.മീറ്റർ ബി.എം ആൻഡ് ബി.സി മാത്രം. രണ്ടാമത്തേത് 8.27 കി.മീറ്റർ ജിയോ ടെക്സ്റ്റയിൽസ് ലെയർ കൊടുത്ത് മെച്ചപ്പെടുത്തും. 9 കി.മീറ്റർ ഭാഗത്ത് ജിയോ ഗ്രിഡും കയർ ഭൂവസ്ത്രവും ഉപയോഗിക്കും.

നവീകരണം പൂർത്തിയാകുമ്പോൾ

വെള്ളപ്പൊക്കം അതിജീവിക്കും

10 മീറ്റർ കാര്യേജ് വേ

ഫ്‌ളൈ ഓവർ അഞ്ചെണ്ണം

9 ക്രോസ് വേ

കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലം വീതി കൂട്ടും

13 പാലങ്ങൾ പുതുക്കിപ്പണിയും

മുട്ടാർ പാലം പുനർനിർമ്മിക്കും

ചെറുതും വലുതുമായ കലുങ്കുകൾ 78

 ഇരുവശത്തും നടപ്പാത നാലുമീറ്റർ

സോളാർ ലൈറ്റുകൾ, ബസ് ബേകൾ

1.795 കി.മീ: ഫ്‌ളൈ ഓവർ

ഒന്നാങ്കര പാലം മുതൽ മങ്കൊമ്പ് ജംഗ്ഷൻ വരെ-370 മീറ്റർ

മങ്കൊമ്പ് ജംഗ്ഷൻ മുതൽ മങ്കൊമ്പ് ഓവുപാലം വരെ-440 മീറ്റർ

മങ്കൊമ്പ്-തെക്കേക്കര -240 മീറ്റർ

ജ്യോതി ജംഗ്ഷൻ മുതൽ പാറശേരി പാലം വരെ-260 മീറ്റർ

പൊങ്ങ മുതൽ പണ്ടാരക്കുളം വരെ -485 മീറ്റർ

 400 മീറ്റർ: ക്രോസ് വേ നീളം

 നിർമ്മാണകരാർ

ഊരാളുങ്കലിന്

ആലപ്പുഴ: റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി 672 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾ പൂർത്തിയായതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു.ഊരാളുങ്കൽ ലേബർ കോട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല.
ആലപ്പുഴയെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് എ.സിറോഡ്. കാലവർഷ സമയത്ത് റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വരെ ഗതാഗത തടസം പതിവാണ്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രണ്ട് ശില്പശാലകൾ നടത്തിയാണ് പ്രളയത്തെ അതിജീവിക്കുന്ന തരത്തിൽ റോഡ് നിർമ്മിക്കുന്നതിന് തീരുമാനമെടുത്തത്. ബസ്‌ ബേകൾ, ബസ് ഷെൽട്ടറുകൾ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, റോഡ് സേഫ്റ്റി സംവിധാനങ്ങൾ, ട്രാഫിക് ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുത്തിയാണ് നിർമ്മാണം ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.