joy-sebastian

ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ ഇന്നവേഷൻ ചലഞ്ചിൽ വിജയിയായ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ കമ്പനി സി.ഇ.ഒ ജോയ് സെബാസ്റ്റ്യനെ മത്സ്യഫെഡിന്റെ ഫ്രഷ് മീൻ പദ്ധതിയുടെ അംബാസിഡറാക്കി. മത്സ്യത്തൊഴിലാളിയുടെ മകനായ തനിക്ക് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് അംബാസിഡർ പദവിയെന്ന് ജോയ് സെബാസ്റ്റ്യൻ പ്രതികരിച്ചു. പിതാവ് സെബാസ്റ്റ്യൻ 30 വർഷത്തിലധികം മത്സ്യത്തൊഴിലാളിയായിരുന്നു. ആയിരത്തിലധികം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്.

മീൻ കടപ്പുറത്ത് എത്തിയാലുടൻ തന്നെ അവയുടെ തൂക്കവും വിലയും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന തരത്തിലൊരു ആപ്ലിക്കേഷൻ മത്സ്യഫെഡ് തയാറാക്കിയിട്ടുണ്ട്. ഇതേ ആപ്ലിക്കേഷനിൽ വേണ്ടുന്ന പരിഷ്ക്കരണങ്ങൾ നടത്തി വിപുലീകരിച്ചു കൊടുക്കണമെന്നാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രെഷ് ഫിഷ് ആപ്ലിക്കേഷന്റെ പണിപ്പുരയിലേക്ക് കടന്നിട്ടില്ല. അടുത്ത ദിവസങ്ങളിൽതന്നെ ആപ്പിനെകുറിച്ച് മനസിലാക്കി, ആവശ്യമുള്ള പരിഷ്ക്കാരങ്ങൾ തയാറാക്കുമെന്നും ജോയ് സെബാസ്റ്റ്യൻ പറഞ്ഞു. കേരളത്തിൽ മത്സ്യഫെഡിന്റെ 100 ഹൈടെക്ക് മത്സ്യ സ്റ്റാളുകളാണ് ആരംഭിക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു. ഈ സ്റ്റാളുകളിൽ നിന്നാണ് ആദ്യ ഘട്ടത്തിൽ ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കുന്നത്. എല്ലാ ജില്ലകളിലും മത്സ്യം ശേഖരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനും ബേസ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു.