masti

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഫ്‌ളൈ ഓവറിലെ 2.8 കി.മീറ്റർ ദൂരത്തിൽ മാസ്റ്റിക് അസ്ഫാൾട്ട് പ്രവൃത്തികൾ തുടങ്ങി. ഇന്നലെ രാവിലെ 11നായിരുന്നു തുടക്കം. ഇന്നു മുതൽ രാവിലെ 6ന് ജോലി ആരംഭിക്കും. മൂന്ന് ഷിഫ്റ്റുകളിലായിട്ടാവും പ്രവൃത്തികൾ നടക്കുക. ജോലികൾ സമയബന്ധിതമായി തീർക്കാൻ പരിശീലനം ലഭിച്ച തൊഴിലാളികളെ കൂടുതലായി എത്തിക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. മഴ ഉണ്ടായാൽ മൊബൈൽ പന്തൽ സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. ഒരു ദിവസം രണ്ട് സ്പാൻ വീതം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മാസ്റ്റിക് അസ്ഫാൾട്ട് 12.2 സെന്റീമീറ്റർ കനത്തിലാണ് ചെയ്യുന്നത്. കോൺക്രീറ്റിംഗും ടാറും തമ്മിൽ കൃത്യമായ ബോണ്ടിംഗ് ഉണ്ടാകാൻ ഉപരിതലം ഒരുക്കുന്ന പ്രവൃത്തിയാണിത്. തുടർന്ന് ടാറിംഗ് (ബി.സി) ആരംഭിക്കും. ബൈപ്പാസ് നിർമ്മാണത്തിന്റെ പുരോഗതിയെപ്പറ്റി സംസ്ഥാന സർക്കാർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിൻ ഗഡ്ഗരിക്ക് ഈ ആഴ്ച തന്നെ റിപ്പോർട്ട് നൽകുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ബൈപ്പാസിന്റെ ഇരു കൈവരികളിൽ നിശ്ചിത അകലത്തിൽ മനോഹരമായ വിളക്കുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നു. നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രി ജി. സുധാകരൻ ഈ ആഴ്ച ബൈപ്പാസ് സന്ദർശിക്കും.