ആലപ്പുഴ: ജില്ലയിലെ പി. ബി ജംഗ്ഷൻ, പൊള്ളേത്തൈ, ശാസ്ത്രിമുക്ക് തീര പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി. ഫിഷറീസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.
ജില്ലയിൽ ഇന്ന് മുതൽ രാവിലെ 6 മുതൽ ഉച്ചക്ക് 2 മണി വരെ പി. ബി ജംഗ്ഷനിൽ നിന്നും 4ന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ പൊള്ളേത്തൈ (ശാസ്ത്രിമുക്ക് )ഫിഷ്‌ലാൻഡിംഗ് സെന്ററിൽ നിന്നും മൽസ്യബന്ധനത്തിന് പോകാം. രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് വിപണനത്തിനും അനുമതി.
കണ്ടെയിൻമെന്റ് സോണുകളിൽ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യ ബന്ധനത്തിനു പോകാൻ പാടില്ല. കൂടാതെ ഈ മേഖലകളിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കാനും പാടില്ല.
മത്സ്യബന്ധന യാനങ്ങൾക്ക് അതത് മത്സ്യ ഭവനുകളിൽ നിന്ന് ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിന് ഏർപ്പെടാം.
യാനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ ബോട്ടുകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുവാൻ പാടുള്ളു.
ടോക്കൺ സമ്പ്രദായം
ടോക്കൺ സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യഅകലം പാലിച്ച് കൊവിഡ് പ്രോട്ടോകോൾ പ്രകാരം ചെറുകിട കച്ചവടക്കാർ, ഇരുചക്ര, മുച്ചക്ര വാഹന കച്ചവടക്കാർ എന്നിവർക്ക് രാവിലെ 6 മുതൽ 9 വരെയും മൊത്തകച്ചവടക്കാർക്ക് രാവിലെ 9 മുതൽ ഉച്ചക്ക് 2 മണി വരെയും മത്സ്യം വാങ്ങാം. പൊതുജനങ്ങൾക്ക് ഈ സെന്ററുകളിൽ മത്സ്യം വാങ്ങുന്നതിന് വിലക്കുണ്ട്.
മത്സ്യലേലം പൂർണമായും നിരോധിച്ചു. നിലവിലുള്ള ജനകീയ കമ്മിറ്റികൾ വഴി മത്സ്യ വിപണനത്തിനുള്ള വില നിശ്ചയിക്കണം.
കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷ ക്രമീകരണങ്ങൾ (മാസ്‌ക്ക്, സാനിറ്റൈസർ, ഫേസ് ഷിൽഡ് മുതലായവ ) ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, ജനകീയ കമ്മിറ്റികൾ മത്സ്യ ഭവനങ്ങൾ എന്നിവർ ഉറപ്പ് വരുത്തണം.