ചേർത്തല: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്.ദേശീയ പാതയിൽ പ്രൊവിഡൻസ് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 7മണിയോടെയാണ് അപകടം.പിക്കപ്പ് വാൻ ഡ്രൈവർ ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിൽ കൊച്ചുപറമ്പിൽ അൻഷാദ്(30),ഒപ്പമുണ്ടായിരുന്ന വണ്ടാനം ഫാത്തിമ മൻസിലിൽ സമദ്(38),ബസ് കണ്ടക്ടർ കായംകുളം ചാച്ചൂസിൽ ഷൈജു(43),യാത്രക്കാരായ ആലപ്പുഴ തോണ്ടംകുളങ്ങര കൊട്ടാരത്തിൽ സൗമ്യ(33),കൊക്കോതമംഗലം കൂന്തറ പ്രിയ,പട്ടാമ്പി സ്വദേശി ദ്വിലീപ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എറണാകുളം ഭാഗത്തേയ്ക്ക് മീൻ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാൻ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുൻ ഭാഗത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ വാനിന്റെ ക്യാബിനിൽ കുരുങ്ങിയ സമദിനെയും അൻഷാദിനേയും ചേർത്തലയിൽ എത്തിയ അഗ്നിശമന സേന വാഹനം വെട്ടിപൊളിച്ചാണ് പുറത്തെത്തിച്ചത്.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.