പുനർജീവനം ഓൺലൈൻ ബോധവത്കരണ പരിപാടിക്ക് മികച്ച പ്രതികരണം

ആലപ്പുഴ: ഭാരതീയ ചികിത്സാവകുപ്പും ജില്ലാ ആയുർവേദ കൊവിഡ് റെസ്പോൺസ് സെല്ലും സംയുക്തമായി ആവിഷ്ക്കരിച്ച പുനർജീവനം ഓൺലൈൻ ബോധവത്ക്കരണ പരിപാടിക്ക് മികച്ച പ്രതികരണം. കൊവിഡ് മുക്തരായവരെ അതിജീവനത്തിലേക്ക് നയിക്കുന്ന പുനർജനി പദ്ധതിയുടെ ഭാഗമായാണ് ഓൺലൈൻ പദ്ധതിയും. രോഗബാധയുടെ ആരംഭഘട്ടത്തിലും, ശേഷവുമുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെ ജീവിതശൈലീ ക്രമീകരണം, യോഗ, പ്രാണായാമം, ലഘു വ്യായാമങ്ങൾ, വ്യക്തിഗത ആരോഗ്യ നിർദേശങ്ങൾ എന്നിവയിലൂടെ മറികടക്കുന്നതിനുള്ള മാർഗനിർദേശങ്ങളാണ് പുനർജീവനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ രൂപത്തിൽ തയാറാക്കിയിരിക്കുന്ന ബോധവത്ക്കരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊവിഡ് മുക്തരായവർക്ക് വേണ്ടിയൊരു പദ്ധതി ആരോഗ്യരംഗത്ത് ആദ്യമായി ആരംഭിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ജില്ലാ ആയുർവേദ കൊവിഡ് റെസ്പോൺസ് ടീമിന്റെ ഈ ആശയത്തിനുണ്ട്.

മുഹമ്മ, മാരാരിക്കുളം വടക്ക്, കരുമാടി എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ ആയുർവേദ ഡിസ്പെൻസറികൾ, ആശുപത്രികൾ എന്നിവ മുഖേനയാണ് സേവനം നൽകുന്നത്. കൊവിഡ് ബാധിതരിൽ പിന്നീട്, ജീവിതശൈലീ രോഗങ്ങളും, ശ്വസനസംബന്ധമായ പ്രശ്നങ്ങളും കാണപ്പെടുന്നുണ്ട്. ഫലം നെഗറ്റീവായാലും പൊതുസമൂഹം ചിലരെയെങ്കിലും അകറ്റി നിർത്തുന്നതായും കാണാം. ഇത്തരക്കാർക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകുകയാണ് പുനർജീവനം പദ്ധതിയുടെ ഉദ്ദേശം. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം തയാറാക്കുന്നതിനെക്കുറിച്ചുള്ള വീഡിയോ വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

''കൊവിഡ് മുക്തരായവർക്ക് വേണ്ടി എന്തെല്ലാം സേവനം നൽകാം എന്ന ആലോചനയിലാണ് ജില്ലാ ആയുർവേദ വിഭാഗം പുനർജീവനം എന്ന ഓൺലൈൻ പരിപാടി ആവിഷ്ക്കരിച്ചത്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

- ഡോ.രശ്മി എസ്.രാജ്, നോഡൽ ഓഫീസർ

പുനർജീവനം

 പുനർജനി പദ്ധതി അംഗങ്ങൾക്കുള്ള ഓൺലൈൻ ഉദ്യമം

 ശാരീരിക മാനസിക ക്ഷമത വർദ്ധിപ്പിക്കുന്നു

 ആത്മവിശ്വാസവും ജീവിതശൈലീ ക്രമീകരണവും പ്രദാനം ചെയ്യുന്നു

 വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്നു

ടെലി മെഡിസിൻ - 8281377994

മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കുള്ള കൗൺസിലിംഗ് - 9747082571

ഗർഭിണികൾക്കും അമ്മമാർക്കുമുള്ള ടെലി കൺസൾട്ടേഷൻ - 9447730372