s

 ആലപ്പുഴയിലും കെ.എസ്.ആർ.ടി.സി പോയിന്റ് ഡ്യൂട്ടി

ആലപ്പുഴ: ബസുകളുടെ കൂട്ടയോട്ടം തടയാൻ റൂട്ടുകളിൽ ഇൻസ്പെക്ടർമാരെ നിയോഗിച്ചുള്ള കെ.എസ്.ആർ.ടി.സിയുടെ പോയിന്റ് ഡ്യൂട്ടി സംവിധാനം തിങ്കളാഴ്ച മുതൽ ആലപ്പുഴയിൽ ആരംഭിക്കും. നിലവിൽ തെക്കൻ സോണിലാണ് പോയിന്റ് ഡ്യൂട്ടി സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. കോർപ്പറേഷന്റെ വരുമാനക്കുറവിനും, ജീവനക്കാർ ഒപ്പിട്ട ശേഷം ഡ്യൂട്ടിയില്ലാതിരിക്കുന്ന സ്ഥിതിക്കും ഒരു പരിധി വരെ പരിഹാരമാകാൻ പോയിന്റ് ഡ്യൂട്ടി സംവിധാനത്തിന് സാധിക്കുമെന്നാണ് കണക്കു കൂട്ടൽ. സർവീസുകൾ വെട്ടിച്ചുരുക്കിയതിനാൽ ഡിപ്പോയിലെത്തി ഒപ്പിട്ട ശേഷം ജോലിചെയ്യാൻ അവസരമില്ലാതിരിക്കുന്ന ജീവനക്കാരെ തന്നെയാവും ഇൻസ്പെക്ടർമാരായി നിയോഗിക്കുക.ജീവനക്കാരെ എതെങ്കിലും പ്രധാന ജംഗ്ഷനിൽ നിയോഗിക്കുമ്പോൾ അത് വഴി കടന്ന് പോകുന്ന ബസുകളുടെ നമ്പർ, റൂട്ട്, സമയം, എന്നിവ എഴുതിയെടുക്കണം.

സ്വകാര്യ ബസുകൾ റൂട്ട് തെറ്റിച്ച് ഓടുക, സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അവയുടെ നമ്പർ, സമയം, റൂട്ട് എന്നിവ രേഖപ്പെടുത്തി യൂണിറ്റ് അധികാരിക്ക് കെമാറണം.

പോയിന്റ് ഡ്യൂട്ടിയിൽ ചെയ്യേണ്ടത്

 ബസിൽ തിരക്ക് തീരെ കുറവാണെങ്കിൽ കുറഞ്ഞത് മൂന്ന് മിനിട്ട് പിടിച്ചിടണം

 ഒരു റൂട്ടിൽ ഒരേ സമയം നിരവധി ബസുകൾ കടന്നുപോവുന്നത് അനുവദിക്കരുത്

 പീക്ക് അവർ സമയങ്ങളിൽ ബസുകളുടെ ദൗർലഭ്യം, ചില സമയങ്ങളിൽ 40 മിനിറ്റിൽ കുടുതൽ ബസുകൾ ഇല്ലാതിരിക്കുക എന്നിവ നോട്ട് ചെയ്യണം

 ബസുകൾ നിറുത്താതെ പോവുക, സ്റ്റോപ്പിൽ നിന്ന് നിന്ന് മാറ്റി നിർത്തുക തുടങ്ങിയ സംഭവങ്ങൾ ബോദ്ധ്യപ്പെട്ടാൽ കൈയ്യിലുള്ള ചെക്ക് ഷീറ്റിൽ രേഖപ്പെടുത്തും

 അടുത്ത ദിവസം ജനറൽ സി.ഐയെയോ ഡ്യൂട്ടി ഇൻസ്പെക്ടററെയോ വിവരങ്ങൾ ധരിപ്പിക്കുകയും ചെക്ക് ഷീറ്റ് കൈമാറുകയും ചെയ്യണം

 ലക്ഷ്യം

കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരെ കൂടുതലായി ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പോയിന്റ് ഡ്യൂട്ടി ആവിഷ്ക്കരിക്കുന്നത്.

....................

ബസുകളുടെ സമയക്രമം നിയന്ത്രിക്കുന്നതിനും വരുമാന വർദ്ധനവിനും പോയിന്റ് ഡ്യൂട്ടി പ്രയോജനപ്പെടും. തെക്കൻ സോണിനു പിന്നാലെ വൈകാതെ ആലപ്പുഴിലടക്കം സംവിധാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. - അശോക് കുമാർ, എ.ടി.ഒ