ph

കായംകുളം: കായംകുളത്ത് മത്സ്യവ്യാപാരിയായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എം.എസ്.എം ഹൈസ്കൂളിനു സമീപം വൈദ്യൻ വീട്ടിൽ സിയാദിനെ (35) കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ കുറ്റവാളിയുമായ വെറ്റ മുജീബിനെയും കൂട്ടാളി എരുവ കോയിക്കൽപ്പടി വാളക്കോട്ട് ഷഫീക്കിനെയും കനത്ത പൊലീസ് സുരക്ഷയിൽ സംഭവ സ്ഥലത്തുകൊണ്ടുവന്ന് തെളിവെടുത്തു.

ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ പൊലീസിന്റെ ഹെൽമറ്റും ധരിപ്പിച്ചാണ് ഇവരെ കൊണ്ടുവന്നത്. ആക്രമാസക്തരായ ജനക്കൂട്ടം ഇവർക്ക് നേരെ പാഞ്ഞടുത്തെങ്കിലും അറുപതിലധികം പൊലീസുകാരുടെ സുരക്ഷയിൽ വേഗം തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി. എരുവ കോയിക്കൽ പടിയ്ക്ക് സമീപുള്ള കുറ്റിക്കാട്ടിൽ നിന്നും ഒളിപ്പിച്ച ആയുധവും കണ്ടെടുത്തു. കൃത്യത്തിന് ശേഷം മാന്നാറിൽ ഒളിവിൽ കഴിഞ്ഞ ശേഷം വെറ്റമുജീബ് ആംബുലൻസിൽ കോട്ടയം മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയ്ക്കായി എത്തിയപ്പോൾ അവിടെ വച്ച് പിടിയിലാവുകയായിരുന്നു.

കൃത്യം നടന്ന എം.എസ്.എം സ്കൂളിന് സമീപവും കോയിക്കൽപടിയിലും പ്രതികളെക്കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. കഴിഞ്ഞ മാസം 18 ന് രാത്രി പത്ത് മണിയോടെ കായംകുളം എം.എസ്.എം ഹയർസെക്കൻഡറി സ്കൂളിന് സമീപം സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ നിൽക്കുകയായിരുന്ന സിയാദിനെ ബൈക്കിലും കാറിലുമായെത്തിയ നാലംഗ സംഘമാണ് അക്രമിച്ചത്.