s

 ജില്ലയിലെ മദ്യവിതരണം തടസപ്പെട്ടു

ആലപ്പുഴ:ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആലപ്പുഴയിലെ വെയർഹൗസ് ഗോഡൗൺ (വിദേശമദ്യ ഗോഡൗൺ) അനിശ്ചിതകാലത്തേക്ക് അടച്ചു. ഇതോടെ ആലപ്പുഴ ഗോഡൗണിൽ നിന്നുള്ള മദ്യവിതരണം മുടങ്ങി.

ആലപ്പുഴ വെയർഹൗസ് പരിധിയിൽ 11 ചില്ലറ വില്പനശാലകളാണ് ഉള്ളത്. സംസ്ഥാനത്തെ ഏത് ജില്ലയിൽ നിന്നും മദ്യം വാങ്ങാൻ അനുമതിയുള്ളതിനാൽ ബാറുകളെ വിഷയം ബാധിക്കില്ല. സർക്കാർ ഔട്ട്ലെറ്റുകളിൽ പരമാവധി അഞ്ച് ദിവസത്തെ മദ്യമാണ് സ്റ്റോക്ക് ചെയ്യുന്നത്. ഗോഡൗണിൽ നിന്ന് ഉത്രാടനാളിൽ മദ്യം വാഹനങ്ങളിൽ കയറ്റിയ ഒരു ചുമട്ട് തൊഴിലാളിക്ക് 27ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് ഓഫീസും ഗോഡൗണും അടച്ചത്. രോഗം സ്ഥിരീകരിച്ച തൊഴിലാളിയുമായി പ്രാഥമിക സമ്പർക്കമുള്ള 23 ചുമട്ട് തൊഴിലാളികൾ, ലേബൽ പതിക്കുന്ന 17 തൊഴിലാളികൾ, കോർപ്പറേഷന്റെ ഏഴ് തൊഴിലാളികൾ എന്നിവർ നിരീക്ഷണത്തിലാണ്.

14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ ഗോഡൗൺ തുറക്കാൻ കഴിയില്ല. ഗോഡൗണിൽ നിന്ന് ഹരിപ്പാട് മുതൽ തൈക്കാട്ടുശ്ശേരി വരെയുള്ള ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കുമാണ് മദ്യം വിതരണം നടത്തുന്നത്. ഗോഡൗൺ തുറക്കുന്നത് താമസിച്ചാൽ ചേർത്തലയ്ക്ക് വടക്കുള്ളവർ തൃപ്പൂണിത്തറ, ആലുവ എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ നിന്ന് മദ്യം ശേഖരിക്കേണ്ടിവരും. ചേർത്തല മുതൽ ഹരിപ്പാട് വരെയുള്ള പ്രദേശത്തെ ബാറുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും തിരുവല്ലയിലെ ഗോഡൗണിൽ നിന്നാണ് മദ്യം ശേഖരിക്കേണ്ടത്.

 തിരുവല്ലയിൽ പരിമിതികൾ

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ബാറുകളിലേക്കും ഔട്ട്ലെറ്റുകളിലേക്കും ഒരേപോലെ ഓർഡർ എത്തിയാൽ വേഗത്തിൽ ലോഡ് കയറ്റി അയയ്ക്കാനുള്ള സംവിധാനം തിരുവല്ലയിൽ കുറവാണ്. ആഗസ്റ്റ് ആദ്യ ദിവസങ്ങളിൽ പ്രതിദിനം ശരാശരി മൂന്ന് ലക്ഷം രൂപയുടെ മദ്യമാണ് ഔട്ട് ലെറ്റുകളിൽ വിറ്റത്. നാല് ദിവസത്തേക്കുള്ള സ്റ്റോക്കുകളാണ് ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും ഉള്ളത്.