എടത്വാ: സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തു കുപ്പിവെള്ളമെന്നു കരുതി കുടിച്ച തൊഴിലാളി മരിച്ചു. തലവടി നടുവിലേപ്പറമ്പിൽ വടക്കേപ്പറമ്പ് ശശികുമാർപി (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്1.30 ഓടെയാണ് സംഭവം.
തലവടി ശ്രീമുരുക ട്രൈഡേഴ്‌സിൽ സോപ്പ് നിർമ്മാണത്തിനായി ആലപ്പുഴയിൽ നിന്ന് അസംസ്‌കൃത സാധനങ്ങൾ വാങ്ങി മടങ്ങിവരവേ കല്ലുപാലത്തിൽ വെച്ചാണ് ശശികുമാർ കുടിവെള്ളമെന്ന് കരുതി രാസവസ്തു കുടിച്ചതെന്ന് ഉടമ പറഞ്ഞു. ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കമ്പനിയിലെ സ്ഥിരം ജീവനക്കാരനല്ലെന്നും സാധനങ്ങൾ ലോഡ് ചെയ്യാനാണ് ഇടയ്ക്കിടെ വരാറുള്ളതെന്നും ഉടമ പറഞ്ഞു. മൃതദേഹം മെഡി. ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്കും, പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ഓമന. മക്കൾ: ദേവു, അപ്പു.