ആലപ്പുഴ: ജില്ലയിൽ പുതുതായി തുടങ്ങുന്ന കുടിവെള്ള പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ജലഅതോറിട്ടി പ്രത്യേക വിഭാഗം രൂപീകരിക്കുന്നു. ജില്ലാ സൂപ്രണ്ടിംഗ് എൻജിനിയറുടെ മേൽനോട്ടത്തിൽ ഒരു എക്സിക്യൂട്ടീവ് എൻജിനിയർക്കാവും ചുമതല.
നിലവിൽ ജില്ലയിലെ പി.എച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർക്ക് കടുത്ത ജോലിഭാരമാണുള്ളത്. പ്രത്യേക മെയിന്റനൻസ് ഡിവിഷൻ ഇല്ലാത്ത, സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഒന്നാണ് ആലപ്പുഴ. കാസർകോടും വയനാടുമാണ് മറ്റു ജില്ലകൾ. ഈ രണ്ടു ജില്ലകളെ അപേക്ഷിച്ച് പദ്ധതികളുടെ മെയിന്റനൻസ് കൂടുതലാണ് ആലപ്പുഴയിൽ. ഇതിനു പിന്നാലെയാണ് കേന്ദ്ര ധനസഹായത്തോടെയുള്ള അമൃത് പദ്ധതി, കിഫ്ബി വഴി ജില്ലയിലെ 72 പഞ്ചായത്തുകൾക്കായി നടപ്പാക്കുന്ന 700 കോടിയുടെ മൂന്ന് പദ്ധതികൾ എന്നിവ. പുതിയ സംവിധാനം വരുമ്പോൾ പി.എച്ച് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർക്ക് പുറമെ മറ്റൊരു എക്സിക്യുട്ടിവ് എൻജിനിയറുടെ സേവനം കൂടി ലഭ്യമാവും.
ആലപ്പുഴ പി.എച്ച് എക്സിക്യുട്ടീവ് എൻജിനിയർക്ക് കീഴിൽ ജില്ലയിൽ നിലവിൽ അഞ്ച് സബ്ഡിവിഷനുകളുണ്ട്; തൈക്കാട്ടുശേരി, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര. തൈക്കാട്ടുശേരി സബ്ഡിവിഷന് കുറച്ച് പഞ്ചായത്തുകളിലെ മെയിന്റനൻസ് ചുമതലയുണ്ടെങ്കിലും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മുഖ്യമായും നോക്കുന്നത്.
പരിഗണനയിലില്ല കായംകുളം ഡിവിഷൻ
ജില്ലയുടെ തെക്കൻ മേഖലകളിൽ ശുദ്ധജല വിതരണ സംവിധാനം കാര്യക്ഷമമാക്കാൻ ആലപ്പുഴ പി.എച്ച് ഡിവിഷൻ വിഭജിച്ച് കായംകുളം ആസ്ഥാനമായി പുതിയ ഡിവിഷൻ തുടങ്ങണമെന്ന ആലോചന ഇടയ്ക്കുണ്ടായെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ രണ്ടര ലക്ഷത്തിലേറെ വാട്ടർ കണക്ഷനുള്ള ആലപ്പുഴ ഡിവിഷന്റെ ജോലിഭാരം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. പുതിയ ഡിവിഷന് ആവശ്യമായ സ്ഥല സൗകര്യം വാട്ടർ അതോറിട്ടിക്ക് സ്വന്തമായി കായംകുളത്തുണ്ട്.
2019 മാർച്ചിൽ ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിൽ ചേർന്ന, അതോറിട്ടിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തതാണ്. ഹരിപ്പാട്, മാവേലിക്കര സബ്ഡിവിഷനുകൾ കൂടി ഉൾപ്പെടുത്തി ജില്ലയുടെ തെക്കൻ ഭാഗത്ത് പുതിയ ഡിവിഷൻ ആരംഭിക്കേണ്ടതാണെന്നും അഭിപ്രായമുയർന്നിരുന്നു. കായംകുളം സെക്ഷൻ ഓഫീസിനോട് ചേർന്ന് കേരള വാട്ടർ അതോറിട്ടിക്ക് സ്വന്തമായുള്ള 70 സെന്റ് സ്ഥലം പുതിയ ഡിവിഷന്റെ ആസ്ഥാനമാക്കാൻ അനുയോജ്യമാണെന്നും ജലഅതോറിട്ടിക്ക് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
നിയമസഭയിൽ ഉറപ്പുകിട്ടി!
കായംകുളം ആസ്ഥാനമായി പുതിയ ഡിവിഷൻ ആരംഭിക്കേണ്ടതിന്റെ ആവശ്യകത അതോറിട്ടിയുടെ മദ്ധ്യമേഖലാ ചീഫ് എൻജിനിയർ അറിയിച്ചതായി കായംകുളം എം.എൽ.എ യു.പ്രതിഭ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വകുപ്പ് അറിയിച്ചിരുന്നു. കുടിവെള്ള പരിശോധനയ്ക്ക് ആലപ്പുഴയിൽ മാത്രമാണ് ഇപ്പോൾ ലാബ് സൗകര്യമുള്ളത്. ജില്ലയുടെ തെക്കൻ ഭാഗത്തുള്ളവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പുതിയ ഡിവിഷൻ വരുമ്പോൾ വാട്ടർ ടെസ്റ്റിംഗ് ക്വാളിറ്റി ലാബ് തുടങ്ങാനുള്ള സാദ്ധ്യതയും തെളിയും.
.............................
പുതിയ ഡിവിഷൻ രൂപീകരിച്ചാൽ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവും.ഇപ്പോഴത്തെ അവസ്ഥയിൽ ജല അതോറിട്ടിക്ക് അധിക ബാദ്ധ്യത ഉണ്ടാവില്ല
എസ്. അനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി,
വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു), കായംകുളം