s

 പ്രവർത്തനം കർശന നിയന്ത്രണങ്ങളോടെ

ആലപ്പുഴ : കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്റണങ്ങളോടെ ചേർത്തല നഗരസഭ മാർക്ക​റ്റ് ഇന്ന് രാവിലെ 4 മണി മുതൽ തുറന്ന് പ്രവർത്തിപ്പിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. എല്ലാ ദിവസവും രാത്രി 12 മണി മുതൽ രാവിലെ ആറു വരെ ഇതരസംസ്ഥാനത്തുനിന്നുൾപ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങൾക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നൽകും. ലോറി ഡ്രൈവർമാരും ക്ലീനർമാരും നഗരസഭ വക കംഫർട്ട് സ്​റ്റേഷൻ വിശ്രമകേന്ദ്രമായി ഉപയോഗിക്കണം.ഇതിനുള്ള സൗകര്യം നഗരസഭ ഒരുക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി വരുന്ന വാഹനങ്ങളിലെ ജീവനക്കാർ പുറത്തിറങ്ങാൻ പാടില്ല.അവർക്ക് വേണ്ട മ​റ്റു സൗകര്യങ്ങൾ കടയുടമകൾ സജ്ജമാക്കണം.

എല്ലാ വ്യാപാരസ്ഥാപന ഉടമകളും ജീവനക്കാരുടെയും സാധനം വാങ്ങാൻ എത്തുന്നവരുടെയും ലോഡുമായി എത്തുന്ന വാഹനങ്ങളുടെയും വിവരം ,ഡ്രൈവർമാർ/ക്ലീനർമാരുടെയും പേര്, മേൽവിലാസം, ഫോൺ നമ്പർ, ലോഡ് ഇറക്കിയ തൊഴിലാളികളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ www.covid19jagratha.kerala.nic.in എന്ന വെബ്‌സൈ​റ്റിൽ രജിസ്​റ്റർ ചെയ്യണം. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾക്ക് 0477- 2239999 എന്ന നമ്പരിൽ ബന്ധപ്പെടണം.

നിർദ്ദേശങ്ങൾ

 റീട്ടെയിൽ വ്യാപാരത്തിന് എത്തുന്നവർക്ക് കടകളിൽ നിന്നും ചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയ​റ്റുന്നതിന് ദിവസവും രാവിലെ 6:30 മുതൽ 10.30 വരെ അനുമതി.

രാവിലെ 10.30 മുതൽ വൈകിട്ട് 3 വരെ പൊതുജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാം.

പൊതുജനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങൾക്ക് മാർക്ക​റ്റിൽ പ്രവേശനമില്ല.

മാർക്ക​റ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി ചേർത്തല പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫീസർ നഗരസഭാ സെക്രട്ടറിയുമായി ആലോചിച്ചു ക്രമീകരിക്കണം.

ഞായറാഴ്ച മാർക്ക​റ്റ് സമ്പൂർണ്ണമായി അടച്ച് ശുചീകരണം .

ഒരു ദിവസം 15 ഹെവി ചരക്കുവാഹനങ്ങൾക്ക് മാത്രം മാർക്കറ്റിൽ പ്രവേശനം.

എല്ലാ വ്യാപാര സ്ഥാപനങ്ങളിലുംസുരക്ഷാഉപകരണങ്ങൾ ( സാനി​റ്റൈസർ,മാസ്‌ക്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് ) മുതലായവ ഏർപ്പാടാക്കണം.

 കണ്ടെയിൻമെന്റ് സോണിൽ നിന്ന് പ്രവേശനമില്ല

കണ്ടെയിൻമെന്റ് സോണുകളിൽ നിന്നുള്ളവർ വ്യാപാരസ്ഥാപനങ്ങളിലോ മാർക്ക​റ്റുമായി ബന്ധപ്പെടുന്ന മ​റ്റു തൊഴിലുകളിലോ ഏർപ്പെടാൻ പാടില്ല.നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത് നിരോധിച്ചു.