ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങൾക്കിടയിലും ചികിത്സ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് ജില്ലയിലെ സർക്കാർ ആശുപത്രികൾ. വിവിധ ലെയറുകളായി ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് പ്രതിദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഡോക്ടർമാരക്കടക്കമുള്ള ജീവനക്കാർക്ക് ഒരാഴ്ചത്തെ ഡ്യൂട്ടിയും, ഒരാഴ്ചത്തെ വിശ്രമവും എന്ന തരത്തിലാണ് ഡ്യൂട്ടി നിശ്ചയിക്കുന്നത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രം 150 ഓളം ആരോഗ്യപ്രവർത്തകരാണ് ക്വാറന്റൈനിൽ പോയത്. കൊവിഡ് ഒഴികെയുള്ള മറ്റു രോഗങ്ങൾ ചികിത്സിക്കുന്നതിൽ ഡോക്ടർമാരുടെ കുറവ് ഇതുമൂലം ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ ആരോഗ്യമന്ത്രിക്കും ഡി.എം.ഇക്കും കത്തുനൽകിയിരുന്നു. ആശുപത്രിയിൽ അടിയന്തര ചികിത്സ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ പറഞ്ഞു. രോഗ വ്യാപനം ഉണ്ടായ ഡയാലിസിസ് വിഭാഗം ഭാഗികമായി തുറന്നു. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ പോസിറ്റീവ് രോഗികളെ നിലവിൽ ജില്ലാ ആശുപത്രിയിലും പാർപ്പിക്കുന്നുണ്ട്. എല്ലാ ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകളടക്കം മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
എ,ബി,സി വിഭാഗങ്ങൾ
കൊവിഡ് രോഗികളെ എ, ബി, സി വിഭാഗങ്ങളായി തിരിച്ച് ഗുരുതരരോഗമുള്ള സി വിഭാഗത്തിലുള്ള രോഗികളെ മാത്രമേ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോൾ പ്രവേശിപ്പിക്കുന്നുള്ളു. ചെറിയ രോഗലക്ഷണങ്ങളുള്ള ബി വിഭാഗത്തിലെ രോഗികളെ സെഞ്ച്വറി, പി.എം ആശുപത്രികളിലും പുന്നപ്ര എഞ്ചിനീയറിംഗ് കോളേജിലുമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും എ വിഭാഗത്തിൽപ്പെടുന്നവരെ മറ്റ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി പാർപ്പിക്കുകയാണ്.
''എമർജൻസി ഓപ്പറേഷൻ ഉൾപ്പെടെ നടക്കുന്നുണ്ട്.അടിയന്തര ചികിത്സ മുടങ്ങില്ല.
പരിമിതികൾ ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ
- ഡോ.ആർ.വി.രാംലാൽ, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി
രണ്ട് ലെയറായി ജീവനക്കാരെ നിയോഗിച്ചാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സമ്പർക്കം പരമാവധി ഒഴിവാക്കുന്നതിനൊപ്പം, ചികിത്സ മുടങ്ങാതിരിക്കാനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള ജീവനക്കാർ എപ്പോഴും ലഭ്യമാണ്.
- ഡോ.ജെമുന വർഗീസ്, സൂപ്രണ്ട്, ജില്ലാ ആശുപത്രി
..................
ആശുപത്രികളിൽ പ്രവർത്തിക്കുന്നത്
അത്യാഹിത വിഭാഗം,ഹൃദ്രോഗ വിഭാഗം, ട്രോമോ ഐ.സി.യു, കാർഡിയാക് ഐ.സി.യു, ലേബർ റൂം, പീഡിയാട്രിക് ഐ.സി.യു