ആലപ്പുഴ: ജില്ലയിൽ കൊവിഡ് പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ലാബുകൾ അമിത തുക ഈടാക്കിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു.
കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആർ.ടി.പി.സി.ആർ, സി.ബി.നാറ്റ് ടെസ്റ്റുകൾക്ക് യഥാക്രമം 2750, 3000 രൂപ ഈടാക്കാമെന്നാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ട്രൂനാറ്റ് ടെസ്റ്റിലെ ആദ്യ പരിശോധനയ്ക്ക് 1500 രൂപ ഈടാക്കാം. ട്രൂനാറ്റിൽ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയാൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കാം. ഫലം പോസിറ്റീവ് ആയാൽ ഉറപ്പാക്കുന്നതിന് രണ്ടാം ഘട്ട പരിശോധനയ്ക്ക് വിധേയമാകണം. ഇതിന് 1500 രൂപ കൂടി ഈടാക്കാം.
ആന്റിജൻ ടെസ്റ്റിന് 625 രൂപയാണ് സ്വകാര്യ ലാബുകൾക്ക് നിശ്ചയിച്ചിട്ടുള്ളത്. നികുതി ഉൾപ്പടെയാണ് ഇത്. ഇതിന് വിരുദ്ധമായി കൂടുതൽ തുക ഈടാക്കരുതെന്ന് കളക്ടർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം ഉള്ള ഒരാൾക്ക് ആന്റിജൻ പരിശോധനയുടെ ഫലം നെഗറ്റീവ് ആയാൽ ആ വ്യക്തി കൺട്രോൾ റൂമുമായോ(0477 2239999)
ദിശയുമായോ (1056)ബന്ധപ്പെടണം
രജിസ്റ്റർ ചെയ്തിട്ടുള്ള ലാബുകൾ
ചേർത്തല കിൻഡർ വിമൺസ് ഹോസ്പിറ്റൽ ആൻഡ് ഫെർട്ടിലിറ്റി സെന്റർ, ആലപ്പുഴ ഹെൽത്ത് പാർക്ക് മെഡിക്കൽ സെന്റർ, വണ്ടാനം കുന്നംപളളിൽ ബിൽഡിംഗിൽ ശങ്കേഴ്സ് ഹെൽത്ത്‌കെയർ സ്‌കാൻസ് ആൻഡ് ഡയഗ്‌നോസ്ററിക്സ് , തുമ്പോളി പ്രൊവിഡൻസ് ഹോസ്പിറ്റൽ, ആലപ്പുഴ ജനറൽ ഹോസ്പിറ്റലിന് സമീപം എ.വി.എ സോണ ടവറിൽ മെട്രോ ഡയഗ്നോസ്റ്റിക് സെന്റർ, ചേർത്തല കെ.വി.എം.സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ജനറൽ ഹോസ്പിറ്റലിന് സമീപം അശ്വതി ഫുള്ളി ഓട്ടമേറ്റഡ് ലാബ്, ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷനിലുള്ള ന്യൂ മൈക്രോ ലാബ് ഹരിപ്പാട് കുമ്പളത്ത് ബിൽഡിങ്ങിൽ ഡോക്ടേഴ്സ് ഡയഗ്നോസ്റ്റിക് ക്ലിനിക്ക്, വണ്ടാനം എസ്.ടി.എം.ലാബ്.