എടത്വാ: ജനകീയ എതിർപ്പ് അവഗണിച്ച് നടത്തുന്ന മൊബൈൽ ടവർ നിർമ്മാണം തടയണമെന്ന് നാട്ടുകാർ. തലവടി പഞ്ചായത്ത് 12 ാം വാർഡിൽ വട്ടടി ജംഗ്ഷന് സമീപമാണ് പഞ്ചായത്ത് അനുമതിയില്ലാതെ ടവർ നിർമ്മാണം. നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിൽ പ്രദേശവാസികൾ നിർമ്മാണ സാധനങ്ങൾ കൊണ്ടുവന്ന ലോറി തടഞ്ഞിരുന്നു. തലവടി പഞ്ചായത്ത് അധികൃതരിൽ നിന്ന് ടവർ നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ യാതൊരു അനുമതിയും നൽകിയില്ലെന്ന് വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടുന്നു.
കമ്പനി അധികൃതർ നിർമ്മാണത്തിനുള്ള അപേക്ഷ മാത്രമാണ് നൽകിയിട്ടുള്ളത്. അതേസമയം മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാകാത്തതിന്റെ പേരിൽ നിർമ്മാണം ആവശ്യപ്പെട്ട് ഒരുവിഭാഗം രംഗത്ത് എത്തിയിട്ടുണ്ടെന്ന് പറയുന്നു. നെറ്റ് വർക്ക് പ്രശ്‌നം പരിഹരിച്ച് പൊതുജനങ്ങൾക്ക് ദോഷമാകാത്ത വിധം മതിയായ രേഖകളോടെ ടവർ നിർമ്മാണം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അനധികൃതമായി നടക്കുന്ന നിർമ്മാണം തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരായ ജയ്‌സപ്പൻ മത്തായി, ഡോ.ജോൺസൺ വി.ഇടിക്കുള, മാത്യു വി. ചാക്കോ, ജോസ് സ്‌കറിയ, വി.സി. തോമസ്, മാത്തുണ്ണി കോശി എന്നിവരടങ്ങുന്ന സംഘം ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.