ചേർത്തല: വീടിനു നേരെ നടന്ന ആക്രമണത്തെക്കുറിച്ച് പരാതി നൽകാൻ അമ്മയ്ക്കൊപ്പം ചേർത്തല പൊലീസ് സ്റ്റേഷനിലെത്തിയ എൻജിനിയറിംഗ് ഡിപ്ളോമ വിദ്യാർത്ഥിയെ പൊലീസുകാർ മർദ്ദിച്ചെന്നു പരാതി. വയലാർ പഞ്ചായത്ത് ഏഴാം വാർഡ് നാരായണീയത്തിൽ ഗണേശന്റെ ഭാര്യ രാജേശ്വരിയാണ്, ഏകമകനായ മൂന്നാംവർഷ എൻജിനീയറിംഗ് വിദ്യാർത്ഥി അക്ഷയ് ഗണേഷിനെ (20) പൊലീസ് മർദ്ദിച്ചതായി മുഖ്യമന്ത്രിക്കു പരാതി നൽകിയത്.
അക്രമ സംഭവത്തിൽ പരാതി നൽകാനാണ് മകനുമായി സ്റ്റേഷനിലെത്തിയതെന്ന് രാജേശ്വരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസാരിക്കാനെന്ന പേരിൽ മകനെ അകത്തുകയറ്റിയാണ് പൊലീസുകാർ മർദ്ദിച്ചത്. നിലവിളി കേട്ടപ്പോഴാണ് മർദ്ദന വിവരം അറിഞ്ഞത്. നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് സ്റ്റേഷനിൽ നിന്നു കൊണ്ടുപോയത്.
ചേർത്തല താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡി. ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും നടത്തിയ പരിശോധനയിൽ നട്ടെല്ലിനു പരിക്കേറ്റതായാണ് കണ്ടെത്തി. ഇതുവരെ ഒരു ക്രിമിനൽ കേസിലും പ്രതിയാകാത്തയാളാണ് അക്ഷയ്
എന്നും പരാതിയിൽ പറയുന്നു.
എന്നാൽ പൊലീസ് ആരെയും മർദ്ദിച്ചിട്ടില്ലെന്നും വയലാറിൽ സംഘങ്ങൾ ചേരിതിരിഞ്ഞ് നടന്ന അക്രമ സംഭവങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ വാദിയെയും പ്രതിയെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒരുമിച്ചിരുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും ചേർത്തല സി.ഐ പി.ശ്രീകുമാർ പറഞ്ഞു. തിരുവോണനാളിലുണ്ടായ അക്രമ സംഭവങ്ങൾ ഒതുക്കിത്തീർക്കാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് അനുവദിക്കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുംപൊലീസ് പറഞ്ഞു. നടുവേദനയ്ക്ക് ചികിത്സയിലാണെന്നു പറഞ്ഞാണ് സ്റ്റേഷനിൽ ഹാജരായതെന്ന് സി.ഐ വിശദീകരിച്ചു.