മാന്നാർ: പരുമല സെമിനാരി സ്കൂളിന് അഭിമാനമായി സംസ്ഥാന അദ്ധ്യാപക അവാർഡ്. പരുമല സെമിനാരി എൽ. പി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ അലക്സാണ്ടർ പി. ജോർജിനാണ് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. 2015 ജൂണിലാണ് ഇദ്ദേഹം പരുമല സെമിനാരി സ്കൂളിൽ പ്രഥമാദ്ധ്യാപകനായി ചുമതലയേറ്റത്. സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ മേഖലകളിൽ മികവുറ്റ നേട്ടങ്ങളാണ് തുടർന്ന് കൈവരിക്കുവാൻ കഴിഞ്ഞത്. ശതോത്തര രജത ജൂബിലി മന്ദിരം, സ്കൂൾ ബസ്, സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കൽ ഇങ്ങനെ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കുന്ന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്. അഡ്മിഷൻ കൂടിയതിനാൽ ഇന്ന് കുട്ടികളെ ഇരുത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ടാലന്റ് ലാബിലൂടെ ചെണ്ട, കീബോർഡ്, ഗിറ്റാർ, ഡാൻസ് എന്നിവ കൂട്ടികളെ പഠിപ്പിക്കുന്നു. പുസ്തത്തൊട്ടിൽ, അമ്മ വായന, മണ്ണെഴുത്ത്, കുട്ടികളെ അറിയാൻ വിശക്കുന്നവനൊപ്പം, പ്രളയ മഞ്ജീരം തുടങ്ങിയ വേറിട്ട പദ്ധതികളാണ് സ്കൂളിൽ നടപ്പിലാക്കിയത്. നിരണം കിഴക്കുംഭാഗം പുത്തൻപറമ്പിൽ പരേതരായ പി.ജി.ജോർജ് - മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ മിനിമോൾ പി.വീയപുരം ഹൈസ്കൂൾ അദ്ധ്യാപികയാണ്.