റെഡി ടു കുക്ക് വിഭവങ്ങളുമായി കുടുംബശ്രീ
ആലപ്പുഴ: പച്ചക്കറികളരിഞ്ഞും, മീൻ വെട്ടിയും നേരം കളയേണ്ട. ഒറ്റ വാട്സാപ്പ് മെസേജിൽ അവിയലിനും തോരനും സാമ്പാറിനുമായി അരിഞ്ഞ പച്ചക്കറികൾ വീട്ടുപടിക്കലെത്തും. മസാല പുരട്ടിയെത്തിക്കുന്ന മീൻ അതേപടി വറുക്കാം. കറിവെയ്ക്കാനാണെങ്കിൽ, അതിനു തക്ക മീൻകഷ്ണങ്ങളും ലഭിക്കും.
കുടുംബശ്രീയും നഗരസഭയും കൈകോർത്ത് നടപ്പാക്കുന്ന ശ്രീശുദ്ധി പദ്ധതിയാണ് പുത്തൻ തലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ മാസം ആരംഭിച്ച ശ്രീശുദ്ധി ഹോം ഡെലിവറി സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓണക്കാലത്ത് മാത്രം രണ്ട് ലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിച്ചു. കുടുംബശ്രീ ഉത്പന്നങ്ങൾക്കൊപ്പം, നിത്യോപയോഗ സാധനങ്ങളും ഓർഡർ അനുസരിച്ച് വീട്ടുപടിക്കലെത്തിക്കുന്നതാണ് പദ്ധതി.
ആദ്യ ഘട്ടത്തിൽ അയർക്കൂട്ടങ്ങൾ വഴിയായിരുന്നു ഓർഡറുകൾ. അതിവേഗത്തിൽ പദ്ധിത ഹിറ്റായതോടെ നഗരത്തിലെമ്പാടും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു. ഓർഡർ നൽകി 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കലെത്തും. പലവ്യഞ്ജനങ്ങൾ മുതൽ പച്ചക്കറി വരെ ലഭ്യമാണ്. അടുത്ത ഘട്ടമായാണ് റെഡി ടു കുക്ക് വിഭവങ്ങൾ ഉൾപ്പെടുത്തുന്നത്.
കറികൾക്കനുസരിച്ച് മുറിച്ച പച്ചക്കറികൾ, കഴുകി വൃത്തിയാക്കി മസാല പുരട്ടിയ മത്സ്യം തുടങ്ങിയവയാണ് ഓർഡറനുസരിച്ച് എത്തിക്കുക. നഗരത്തിൽ ഓൺലൈൻ മത്സ്യക്കച്ചവടം നടത്തുന്ന സി.ഡി.എസ് യൂണിറ്റുമായി സഹകരിച്ചാണ് മത്സ്യവിപണനം. നിലവിൽ വാട്സാപ്പും ,ഫോൺകോളും വഴിയാണ് ഓർഡറുകളെടുക്കുന്നത്. അടുത്ത ദിവസം തന്നെ വെബ്സൈറ്റ് നിലവിൽ വരും.
........................
മികച്ച പ്രതികരണമാണ് ശ്രീശുദ്ധി പദ്ധതിക്ക് ലഭിക്കുന്നത്. കൂടുതൽ ആവശ്യക്കാരുണ്ടെന്ന് മനസിലാക്കിയതോടെ റെഡി ടു കുക്ക് ഉത്പന്നങ്ങളുടെ വിപണനത്തിലേക്ക് കടക്കുകയാണ്. നഗരപരിധിയിൽ മാത്രം പ്രവർത്തിക്കുന്ന പദ്ധതി ഭാവിയിൽ ജില്ലയിലാകെ വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹം
- ലാലി വേണു, സി.ഡി.എസ് ചെയർപേഴ്സൺ
റെഡി ടു കുക്ക് വിഭവങ്ങൾ
അവിയൽ, തോരൻ, സാമ്പാർ എന്നിവയ്ക്കുള്ള പച്ചക്കറികൾ അരിഞ്ഞ് പാക്കറ്റിൽ
പരിപ്പുൾപ്പടെയാണ് സാമ്പാർ കിറ്റ് തയ്യാറാക്കുക
മസാല പുരട്ടിയ മീൻ കഷ്ണങ്ങളും, കറിക്കാവശ്യമായ കഷ്ണങ്ങളും ലഭിക്കും
കുടുംബശ്രീ ഉത്പന്നങ്ങളായ അരിപ്പൊടി, ഗോതമ്പുപൊടി, വിവിധ മസാലകൾ, സോപ്പ്, ഡിഷ് വാഷ് എന്നിവയ്ക്കു പുറമേ, പുറത്ത് നിന്നും അവശ്യവസ്തുക്കൾ ഓർഡറനുസരിച്ച് വാങ്ങി എത്തിച്ചു നൽകും
......................
20 വനിതകളുടെ നേതൃത്വത്തിലാണ് വിതരണ സംവിധാനം
....................
വാട്സാപ്പ് സമ്പർ - 9645112394
വെബ്സൈറ്റ് - www.shreesudhikudumbashree.com