s

 തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ വൈകുന്നു

ആലപ്പുഴ: ട്രെയിൻ ഗതാഗതം നിലച്ചതോടെ വരുമാനം മുടങ്ങിയ റെയിൽവേ, ഫണ്ട് കൈമാറാൻ വൈകുന്നതിനാൽ അമ്പലപ്പുഴ- എറണാകുളം തീരദേശപാത (70 കി.മീ) ഇരട്ടിപ്പിക്കൽ വൈകുന്നു. എറണാകുളം- കുമ്പളം, കുമ്പളം -തുറവൂർ, തുറവൂർ - അമ്പലപ്പുഴ എന്നിങ്ങനെ മൂന്നു റീച്ചുകളിലായുള്ള ഇരട്ടിപ്പിക്കൽ പൂർത്തീകരിക്കാൻ 62 ഹെക്ടർ ഏറ്റെടുക്കേണ്ടി വരും. 1500 കോടി ചെലവ് വരുമെന്നാണ് എറണാകുളം ഡെപ്യൂട്ടി റെയിൽവേ ഡിവിഷൻ അധികൃതർ റെയിൽവേ ബോർഡിന് നൽകിയ പ്രാഥമിക റിപ്പോർട്ട് .

ഇരട്ടിപ്പിക്കലിന്റെ വിശദമായ എസ്റ്റിമേറ്റ് അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം ആദ്യം ബോർഡിന് സമർപ്പിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഫണ്ട് ലഭിക്കാൻ വൈകിയാൽ ഇരട്ടിപ്പിക്കൽ ജോലികൾ നീണ്ടുപോകും. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അഞ്ച് മാസം മുമ്പാണ് തീരദേശ റെയിൽ പാതയുടെ അമ്പലപ്പുഴ-ആലപ്പുഴ-എറണാകുളം ഭാഗത്തിന്റെ ഇരട്ടിപ്പിക്കലിനുള്ള സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർണമായും റെയിൽവേയുടെ ഫണ്ട് ഉപയോഗിച്ച് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. തീരദേശപാത വഴിയുള്ള എല്ലാ ട്രെയിനുകൾക്കും സമയ ക്ലിപ്തത പാലിക്കാൻ കഴിയാത്തതും പുതിയ ട്രെയിനുകൾ ആരംഭിക്കാനാവാത്തതും പാത ഇരട്ടിപ്പിക്കൽ നടക്കാത്തതു മൂലമാണെന്ന് റെയിൽവേ ബോർഡിനെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ബോദ്ധ്യപ്പെടുത്തിയതോടെയാണ് തടസങ്ങൾ നീങ്ങിയത്.

 കുറഞ്ഞത് 10 വർഷം

കുമ്പളം-തുറവൂർ- ആലപ്പുഴ വരെ സ്ഥലം ഏറ്റെടുക്കലിനാണ് സംസ്ഥാന സർക്കാർ ആദ്യം വിജ്ഞാപനമിറക്കിയത്. എന്നാൽ ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് ഒന്നും നടന്നില്ല. ഭരണാനുമതിയും ഫണ്ടും നൽകി സ്ഥലം ഏറ്റെടുക്കൽ ജോലി പൂർത്തീകരിച്ചാൽ തന്നെ കുറഞ്ഞത് 10 വർഷത്തിലധികം വേണ്ടിവരും പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാൻ. തീരദേശപാതയിൽ 40 കിലോമീറ്റർ ദൈർഘ്യം വരുന്ന കായംകുളം-അമ്പലപ്പുഴ ഭാഗം മാത്രമാണ് പൂർണമായി ഇരട്ടിപ്പിച്ചിട്ടുള്ളത്.

.............................................

 എറണാകുളം-ആലപ്പുഴ പാത കമ്മിഷൻ ചെയ്തത് 1989ൽ

 കായംകുളം വരെയുള്ള രണ്ടാം ഘട്ടം കമ്മിഷനിംഗ് 1991ൽ

 കായംകുളം-അമ്പലപ്പുഴ പാതയ്ക്ക് 40 കിലോമീറ്റർ

 ഇരട്ടിപ്പിക്കൽ പൂർത്തീകരിച്ചത് 27 വർഷം കൊണ്ട്

 എറണാകുളം-ആലപ്പുഴ-കായംകുളം പാത 110 കിലോമീറ്റർ

 അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിച്ചത് എട്ട് വർഷംകൊണ്ട്

 കായംകുളം-ആലപ്പുഴ പാതയിൽ ഏഴ് വലിയ പാലങ്ങൾ, 52 ചെറുപാലങ്ങൾ

..................................

അമ്പലപ്പുഴ- എറണാകുളം പാത ഇരട്ടിപ്പിക്കലിന് ഏറ്റെടുക്കുന്ന മുഴുവൻ സ്ഥലത്തിന്റെയും വില റെയിൽവേ നൽകും. ഫണ്ട് ലഭിച്ചാൽ ഒരുവർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറും

അഡ്വ. എ.എം.ആരിഫ് എം.പി