s

ആലപ്പുഴ:ചേട്ടനോളം വരുമോ എന്ന് ചോദിച്ചാൽ ഇല്ല, പക്ഷേ അനുജനും അത്ര അശക്തനല്ല. രണ്ട് ഘട്ടങ്ങളിലായി കുട്ടനാടിന് വേണ്ടി സഹോദരൻ തോമസ് ചാണ്ടി നൽകിയ സംഭാവനകളുടെ ഓർമ്മപ്പെടുത്തലുമായാവും തോമസ് കെ. തോമസ് (63) ഉപതിരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുക.
കുട്ടനാട്ടിലെ പുരാതനമായ കല്ലേകടമ്പിൽ തറവാട്ടു ശാഖയായ വെട്ടിക്കാട് കളത്തിൽപറമ്പിൽ വി.സി. തോമസിന്റെയും ഏലിയാമ്മയുടേയും രണ്ടാമത്തെ പുത്രനായി ചേന്നങ്കരിയിൽ ജനനം. എൻ.സി.പി സംസ്ഥാന സമിതി അംഗം. കോട്ടയം സി.എം.എസ് ഹൈസ്കൂളിലും ചേന്നങ്കരി ദേവമാതാ സ്കൂളിലും വിദ്യാഭ്യാസം. ആലപ്പുഴ ഐ.ടി.സിയിൽ മെക്കാനിക്കൽ കോഴ്സ് പൂർത്തിയാക്കി. തുടർന്ന് പൂനെ, മുംബയ് എന്നിവിടങ്ങളിൽ നിന്നും ഡിപ്ലോമ നേടി.
1980ൽ കുവൈറ്റിൽ തോമസ് ചാണ്ടിയുടെ സ്ഥാപനത്തിൽ ടെക്നിഷ്യനായി. തുടർന്ന് സഹോദരനുമായി ചേർന്ന് ബിസിനസ് ആരംഭിച്ചു. 1995ൽ കുവൈറ്റിൽ സ്വന്തം നിലയ്ക്കും ബിസിനസ് തുടങ്ങി. കുവൈറ്റ് കുട്ടനാട് അസോസിയേഷൻ പ്രസിഡന്റ്, കേരള സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ്, എൻ.സി.പി പേട്രൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. അബ്ബാസിയയിൽ ഇന്ത്യാക്കാർക്കു നേരെ അക്രമങ്ങൾ ഉണ്ടായപ്പോൾ, ഇന്ത്യൻ എംബസി നേരിട്ട് സ്ഥാപിച്ച അബ്ബാസിയ റസിഡന്റ്സ് അസോസിയേഷന്റെ ചെയർമാനായി. ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായ ഡെപ്യൂട്ടേഷനിൽ കുവൈറ്റ് എംബസി ഉദ്യോഗസ്ഥനായിരുന്നപ്പോൾ, അവിടെ ജയിലിലും കേസുകളടക്കം പ്രശ്നങ്ങളിലും പെട്ടവരെ
സഹായിക്കാൻ തോമസ് മുന്നിൽ നിന്നു. കുവൈറ്റ് യുദ്ധകാലത്ത് ഇവാക്യുവേഷേൻ കമ്മിറ്റിയിൽ തോമസ് ചാണ്ടി, എം.മാത്യൂസ് (ടയോട്ട സണ്ണി) എന്നിവർക്കൊപ്പം പ്രവർത്തിച്ചു.
ഭാര്യ ഷേർളി തോമസ് കുവൈറ്റിലെ നാഷണൽ പെട്രോളിയം കമ്പനി അഡ്മിനിസ്ട്രേറ്ററാണ്. മക്കൾ: ഡോ:റ്റിറ്റു കെ.തോമസ്, ഡോ:റ്റീന കെ. തോമസ് (കുവൈറ്രിൽ ഡോക്ടർ), റ്റിന്റു കെ.തോമസ് (കൺസൽട്ടന്റ്, കുവൈറ്റ്).