ആലപ്പുഴ: ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിനായി കെ.ആർ.എൽ.സി.സി രൂപപ്പെടുത്തിയ ജനകീയ രേഖ നാളെ സർക്കാരിന് സമർപ്പിക്കും. വൈകിട്ട് ആറിന് ആലപ്പുഴ ബിഷപ്പ് ഹൗസിൽ നടക്കുന്ന യോഗത്തിൽ കെ.ആർ.എൽ.സി.സി പ്രസിഡന്റും ലത്തീൻ സഭാദ്ധ്യക്ഷനുമായ ബിഷപ് ഡോ. ജോസഫ് കരിയിലും ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിലും ചേർന്ന് മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, കെ.കൃഷ്ണൻകുട്ടി, ജെ.മേഴ്സിക്കുട്ടിയമ്മ എന്നിവർക്ക് രേഖ കൈമാറും. കടൽ ഡയറക്ടർ ഫാ. അന്റോണിറ്റോ പോൾ, ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, സെക്രട്ടറി പി.ആർ. കുഞ്ഞച്ചൻ എന്നിവർ ജനകീയ രേഖ വിശദീകരിക്കും. ഹൈബിഈഡൻ എം.പി, എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ കെ.ജെ.മാക്സി, ജോൺ ഫെർണാണ്ടസ്, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ എന്നിവർ പങ്കെടുക്കും.
നാട്ടറിവുകളുടെ പിൻബലത്തിൽ നാലുഘട്ടങ്ങളിലായി ശാസ്ത്രസാങ്കേതിക വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും കൂട്ടായ ചർച്ചയിലൂടെയാണ് ജനകീയ രേഖ തയാറാക്കിയത്.