അമ്പലപ്പുഴ:പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീപിടിച്ചു.ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.10.30ന് ക്ഷേത്ര നട അടച്ച ശേഷം ജീവനക്കാർ പുറത്തിറങ്ങിയിരുന്നു. തിടപ്പള്ളിയിലെ അടുപ്പിൽ നിന്ന് തീ പടർന്നാണ് അപകടമുണ്ടായതെന്ന് കരുതുന്നു. ക്ഷേത്രത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് തിടപ്പള്ളിക്ക് മുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.തുടർന്ന് നാട്ടുകാർ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ പൂർണമായും അണച്ചത്. തേക്കിൻ തടികൊണ്ടും, ചെമ്പ് പൂശിയും നിർമിച്ച തിടപ്പള്ളിയാണ് കത്തി നശിച്ചത്. നഷ്ടം തിട്ടപ്പെടുത്തി വരികയാണെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.