s

 കോർ കമ്മിറ്റി അംഗങ്ങളുടെ തീരുമാനങ്ങൾ ഹൗസ് ബോട്ട് ഉടമകൾ അറിയുന്നില്ലെന്ന് പരാതി

ആലപ്പുഴ: സംസ്ഥാനത്ത് ഹോട്ടലുകളും റിസോർട്ടുകളും ബോട്ടിംഗും എക്കോ ടൂറിസവും പ്രവർത്തനം പുനരാരംഭിച്ച പശ്ചാത്തലത്തിൽ ഹൗസ് ബോട്ടുകൾക്കും ഇളവുകൾ നൽകണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. വൻകിട ഹൗസ്ബോട്ടുകളുടെ ഉടമകൾ അംഗങ്ങളായ കോർ കമ്മിറ്റി ജില്ല ഭരണകൂടവുമായി നടത്തുന്ന ചർച്ചകൾ സാധാരണക്കാരായ ഹൗസ് ബോട്ട് നടത്തിപ്പുകാർ അറിയുന്നില്ലെന്ന് പരാതി ഉയരുകയാണ്.

ബോട്ടുകൾക്ക് ലൈസൻസ് നൽകുന്ന വിഷയത്തിലടക്കം വൻകിട മുതലാളിമാരുടെയും - പോർട്ട് ഉദ്യോഗസ്ഥരുടെയും ഒത്തുകളിയുണ്ടെന്ന ആക്ഷേപവുമുണ്ട്. മാനദണ്ഡങ്ങൾ പൂർത്തിയാക്കി പരിശോധനയ്ക്ക് എത്തിച്ചാലും, ഉദ്യോഗസ്ഥർ മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് ലൈസൻസ് നിഷേധിക്കുകയാണ്. അതേ സമയം വൻ കമ്പനികളുടെ കീഴിലുള്ള ബോട്ടുകൾക്ക് കൃത്യമായ പരിശോധന പോലും നടത്താതെ സർവീസിന് അനുമതി നൽകുന്നുവെന്നാണ് ഒരു വിഭാഗം ഹൗസ് ബോട്ട് ഉടമകൾ ആക്ഷേപം ഉന്നയിക്കുന്നത്. ഹൗസ് ബോട്ട് സർവീസ് പുനരാരംഭിക്കുന്ന ചർച്ചകളിൽ കോർ കമ്മിറ്റി ഭാരവാഹികൾ സ്വയം തീരുമാനങ്ങൾ കൈക്കൊള്ളുകയാണെന്നും, ബഹുഭൂരിപക്ഷം ബോട്ടുടമകളുമായി കാര്യങ്ങൾ കൂടിയോലോചിക്കുന്നില്ലെന്നുമാണ് ആക്ഷേപം. നിബന്ധനകളോടെ സർവീസ് പുനരാരംഭിക്കുന്നതിന് ടൂറിസം ഡയറക്ടറടക്കം പച്ചക്കൊടി കാണിച്ചിരുന്നു. എന്നിട്ടും കാര്യങ്ങൾ മുന്നോട്ട് നീങ്ങാത്ത പശ്ചാത്തലത്തിൽ വ്യവസായത്തെ പിടിച്ചുനിർത്തണമെന്ന അപേക്ഷയുമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചിരിക്കുകയാണ് ഒരു കൂട്ടം ഹൗസ് ബോട്ടുടമകൾ.

............................

മാസങ്ങളോളം ഓടാതെ കിടന്നാലും വൻകിടക്കാർക്ക് അത് വലിയ വിഷയമല്ല. പക്ഷേ സാധാരണക്കാരന്റെ സ്ഥിതി വ്യത്യസ്തമാണ്. മൊറട്ടോറിയം പിൻവലിച്ചതോടെ ബാങ്കുകളിൽ നിന്നുളള വിളിയും ആരംഭിച്ചു. നിബന്ധനകളോടും, സുരക്ഷാ മാനദണ്ഡങ്ങളോടും ഹൗസ് ബോട്ട് സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകണം - ബൈജു പത്മനാഭൻ, ഹൗസ് ബോട്ട് ഉടമ

..........................

ഹൗസ് ബോട്ട് ഉടമകളുടെ ആവശ്യങ്ങൾ

ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച വായ്പ അർഹർക്ക് ഉടൻ വിതരണം ചെയ്യുക

 സഞ്ചാരികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിപ്രവർത്തിക്കാൻ അനുവദിക്കുക

ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസിന്റെ പിഴ ഒഴിവാക്കുക

 ലൈസൻസ് കാലാവധി 18 മാസത്തേക്ക് നീട്ടുക

ഹൗസ് ബോട്ട് നിർമിക്കുന്നതിനെടുത്ത വായ്പകളുടെ മൊറട്ടോറിയം ഒരു വർഷത്തേക്ക് നീട്ടുക, പലിശ ഒഴിവാക്കുക