സി.സി ടിവി കേന്ദീകരിച്ച് അന്വേഷണം
ഹരിപ്പാട്: കരുവാറ്റ ടി.ബി ജംഗ്ഷന് സമീപമുള്ള സർവീസ് സഹകരണ ബാങ്കിലെ മോഷണത്തിൽ സി.സി.ടിവി കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായറിയുന്നു.
ബാങ്കിൽ നിന്നും കണ്ടെത്തിയ ഗ്യാസ് സിലണ്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതിയുണ്ടായി. ലോക്കർ തകർക്കാനായി ഗ്യാസ് കട്ടറാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്. ഉപയോഗ ശേഷം ഒരു ആർഗൺ സിലണ്ടറും ഓക്സിജൻ സിലണ്ടറുകളും ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറും ഉപേക്ഷിച്ചിട്ടാണ് മോഷ്ടാക്കൾ കടന്നത്. ഇതിൽ ആർഗൺ സിലണ്ടറും ഓക്സിജൻ സിലണ്ടറും അടൂർ പറക്കാട്ടുള്ള ഗ്യാസ് ഏജൻസിയിൽ നിന്നും മോഷണം പോയതാണെന്ന് പൊലീസ് കണ്ടെത്തി. പ്രധാനമായും രണ്ട് സംഘങ്ങളെയാണ് പൊലീസ് സംശയിക്കുന്നത്. ഇത് പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നത്. രണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് സംഘങ്ങൾ അന്വേഷണം ഊർജ്ജിതമാക്കി. ബാങ്കിന്റെ സമീപത്തെയും ഗ്യാസ് സിലണ്ടർ മോഷണം പോയ ഭാഗത്തെയും സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെപ്പറ്റി സൂചന ലഭിച്ചെന്നാണ് വിവരം. കൂടാതെ ബാങ്കിന്റെ സമീപത്ത് കണ്ടെന്ന് പറയുന്ന പിക്കപ്പ് വാൻ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു. ആഗസ്റ്റ് 26 അയ്യങ്കാളിജയന്തി മുതൽ ബുധനാഴ്ച ചതയം ദിനം വരെ ബാങ്ക് അവധിയായിരുന്നു. ഇതിന് ശേഷം എത്തി ബാങ്ക് തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ബാങ്കിനുള്ളിൽ കയറിയ ശേഷം ഒന്നിലധികം ദിവസം ഉള്ളിൽ തങ്ങി മോഷണം നടത്തിയതായുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്കിൽ നിന്നും 5.43 കിലോഗ്രാം 809 മില്ലിഗ്രാം സ്വർണ്ണവും 4,43,743 രൂപയും സി.സി.ടി.വി ക്യാമറകൾ, ഹാർഡ് ഡിസ്ക്, കമ്പ്യൂട്ടറുകൾ എന്നിവയുമാണ് മോഷണം പോയത്.