മാവേലിക്കര: മാവേലിക്കര നഗരത്തിലും കോവിഡ് വ്യാപി​ച്ചതോടെ നഗരസഭയിലെ രണ്ട് വാർഡുകളിലെ ചില പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമീപ പഞ്ചായത്തുകൾ അടക്കം കോവിഡിന്റെ പിടിയിലായപ്പോഴും മാവേലിക്കര നഗരസഭ പ്രദേശം സുരക്ഷിതമായിരുന്നു. ആദ്യമായാണ് മാവേലിക്കര നഗരസഭാ പ്രദേശത്ത് കണ്ടെയ്ൻമെന്റ് സോണുകൾ വരുന്നത്. ഓണക്കാലത്തെ ക്രമാതീതമായ തിരക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നഗരസഭയിലെ 12, 13 വാർഡുകളിൽപെട്ട പ്രദേശങ്ങളാണ് നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായിട്ടുള്ളത്. എന്നാൽ നഗര പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. നഗരസഭാ പ്രദേശത്തെ ഒരു ആശുപത്രിയും വസ്ത്രവ്യാപാരശാലയും കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരിക്കുകയാണ്. മറ്റൊരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്റെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അണുനശീകരണം നടത്തുന്നതിനായി കട അടച്ചിരിക്കുകയാണ്.

നഗരസഭയിലെ കല്ലുമല പ്രദേശമാണ് കണ്ടെയ്ൻമെന്റ് സോണുകളായിരിക്കുന്നത്. ഇതോടെ പുതുച്ചിറ ഭാഗം, എഫ്.സി.ഐ ഗോഡൗൺ മുതൽ കൊമ്പശ്ശേരി ഭാഗം വരെയും ഇട്ടിയപ്പൻവിള റോഡ്, കുറ്റിയിൽ റോഡ്, മറുതാക്ഷി നടയുടെ വടക്കുഭാഗം മറുതാക്ഷി അമ്പലം മുതൽ കല്ലുമല ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളും അടച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ സമ്പർക്കത്തിലായവരുടെ സ്രവ പരിശോധ നടത്തുന്നുണ്ട്.