photo

ചേർത്തല:ഒരു കൂട്ടം ചെറുപ്പക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് കൂട്ടായ്മ മുന്നിട്ടിറങ്ങിയതോടെ വയോധികനായ ഗോപാലനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമായി.ചേർത്തല നഗരസഭ 18 ാം വാർഡിൽ കുഴുവേലി വെളിയിൽ ഗോപാലന്റെ (79) കുടുംബത്തിനാണ് നാല് മാസം കൊണ്ട് കൂട്ടായ്മ വീടൊരുക്കിയത്.
ഏതു സമയവും നിലംപൊത്താറായ വീടിനുള്ളിൽ കടുത്ത പ്രമേഹ രോഗിയായ ഗോപാലൻ വീൽചെയറിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത്. 12 വർഷം മുമ്പ് ഭാര്യ വിജയമ്മാൾ മരിച്ചു.
മകൻ കാർത്തികേയൻ വർഷങ്ങൾക്ക് മുമ്പ് ഓപ്പറേഷന് വിധേയനായ ശേഷം അധികം ജോലികൾ എടുക്കുവാൻ പ​റ്റാത്ത അവസ്ഥയാണ്.അടുത്ത വീട്ടിൽ ഭർത്താവുമെന്നിച്ചു താമസിക്കുന്ന മകൾ അംബികയുടെ അവസ്ഥയും വളരെ പരിതാപകരമാണ്.ഇവരുടെ ഭർത്താവ് കണ്ണൻ ഒരു വശം തളർന്ന നിലയിലാണ്.കൊവിഡ് പശ്ചാത്തലത്തിൽ ആദ്യത്തെ ലോക്ക്ഡൗൺ വന്നതോടെ കിടപ്പ് രോഗികൾക്കും,നിർദ്ധനർക്കും ഭക്ഷണവും മരുന്നും വീടുകളിൽ എത്തിച്ച് നൽകുന്നതിനിടെ ഗോപാലന്റെ അവസ്ഥ വാട്‌സാപ്പ് കൂട്ടായ്മ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇന്റർ നാഷണൽ ചാരി​റ്റി ഡേയായ സെപ്തംബർ 5 ന് വീടിന്റെ താക്കോലും കൈമാറി.
കെട്ടിടനിർമാണ കമ്പനിയായ ആർദ്ര ഹാബി​റ്റാ​റ്റ് എം.ഡി. പി.ഡി.ലക്കി വീടിന്റെ പ്രവേശനകർമ്മം നിർവഹിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങളായ എം.ഗോപകുമാർ,വി.ഉദയകുമാർ,ഷാൻകുമാർ ഓങ്കാരേശ്വരം,ധിരൻ ബേബി വേളോർവ്വട്ടം,സീജ,സംഗീത,സജി,ചേർത്തല സിവിൽ ഡിഫൻസ് ചീഫ് വാർഡൻ രതീഷ്, ചാരി​റ്റി പ്രവർത്തകരായ ഹരികൃഷ്ണൻ, ശിവമോഹൻ എസ്, ജോർജ്ജ് ആന്റണി, എന്നിവരും പങ്കെടുത്തു.