കറ്റാനം: ഭരണിക്കാവ് പഞ്ചായത്തിൽ വീണ്ടും കൊവിഡ് ആശങ്ക. പഞ്ചായത്തിലെ 12, 14 വാർഡുകളിൽ വീണ്ടും രോഗികളുടെ എണ്ണം വർദ്ധിച്ചി​രി​ക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. 12, 14 വാർഡുകളിലായി കഴിഞ്ഞ രണ്ട് ദിവസമായി ആറ് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. കായംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം 14ാം വാർഡിലെ താമസക്കാരനാണ്. ആറ് പേർക്കുമായി പഞ്ചായത്തിലെ മൂന്നൂറിലധികം പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ ഈ രണ്ട് വാർഡുകൾ കണ്ടൈയ്ന്റ്മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന നിർദ്ദേശവും ആരോഗ്യ വകുപ്പ് അധികൃതർ ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്.