മങ്കൊമ്പ് : ബൈക്കിൽ യാത്ര ചെയ്തിരുന്ന ദമ്പതികളെ ആക്രമിച്ച കേസിൽ പിടിയിലായയാളെ റിമാൻഡ് ചെയ്തു. കാവാലം കരിയൂർമംഗലം ഉഷസിൽ അഫ്‌സൽ പ്രസാദി (20) നെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: രാത്രിയിൽ ബൈക്കിൽ വീട്ടിലേക്കു പോയ ദമ്പതികളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വലിച്ചു റോഡിലേക്കിട്ട ഗൃഹനാഥനെ സംഘം ആക്രമിച്ചു. ബൈക്കിനു വേഗത കൂടിയെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തെത്തുടർന്ന് കേസിലെ രണ്ടാം പ്രതിയായ അഫ്‌സലിനെ വെള്ളിയാഴ്ച വൈകുന്നേരം ചക്കച്ചംപാക്കയിൽ നിന്നാണ് എസ്.ഐ അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. അഫ്‌സലിന്റെ സുഹൃത്തുക്കളായ ബബിറ്റോ, വിമൽ, വിഷ്ണു, സുരാജ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.