ചേർത്തല: ശക്തമായ തിരയിൽപ്പെട്ട് വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും തകർന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വാലയിൽ ജോയ് എസ്തപ്പന്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ചെത്തി ഹാർബറിന് സമീപമായിരുന്നു അപകടം. മത്സ്യബന്ധനത്തിന് പോയി തിരികെ മടങ്ങുമ്പോൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ജോയി, വാലയിൽ രാജു, വടക്കേ വീട്ടിൽ സുരേന്ദ്രൻ, പുത്തൻപുരയ്ക്കൽ ഔസേഫ് എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വള്ളവും, എൻജിനും വലയും പൂർണമായും തകർന്നു. രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ജോയി പറഞ്ഞു.