ആലപ്പുഴ: പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ സംസ്ഥാനത്തെ നൂറുകണക്കിന് കക്ക ചൂളകൾ നിറുത്തലാക്കിയതോടെ കക്കവാരി ഉപജീവനം നടത്തുന്നവർ ദുരിതത്തിൽ. ഒരു വെള്ളക്കക്ക സൊസൈറ്റി ഉൾപ്പെടെ 11 സംഘങ്ങളാണ് ആലപ്പുഴയിലുള്ളത്. ആവശ്യക്കാരില്ലാത്തതിനാൽ സൊസൈറ്റികൾ കക്ക എടുക്കാത്തതാണ് തൊഴിലാളികളെ വലച്ചത്.
ഇറച്ചി മാറ്റിയ കക്കകൾ ചൂളയിലിട്ട് ചൂടാക്കിയാണ് നീറ്റുകക്ക ഉണ്ടാക്കുന്നത്. ആര്യാട്, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം, കോട്ടയത്തെ കുമരകം പഞ്ചായത്തുകളുടെ കായലോരങ്ങളിൽ മാത്രം മൂവായിരത്തോളം കുടുംബങ്ങളിലെ 4500 പേരാണ് വേമ്പനാട്ട് കായലിൽ നിന്ന് കക്ക വാരി ജീവിക്കുന്നത്. ടൺകണക്കിന് കക്ക കെട്ടിക്കിടക്കുന്നതിനാൽ സംഘങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കായലിൽ വെള്ളക്കക്ക ഇല്ലാതായതോടെ പാടശേഖരങ്ങളിൽ നിന്ന് വാരാൻ തുടങ്ങി. ഇപ്പോൾ വെള്ളക്കക്ക എങ്ങുമില്ല. പ്രതിവർഷം 7000 ടൺ കക്ക വാങ്ങിയിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ പ്രവർത്തനം നിലച്ചതും ചുണ്ണാമ്പുകല്ലിന്റെ ഇറക്കുമതിയും മേഖലയ്ക്ക് മറ്റൊരു തിരിച്ചടിയായി.
ഇറക്കുമതി
സഹകരണസംഘങ്ങൾ ശേഖരിക്കുന്ന കക്ക തമിഴ്നാട്ടിലേക്കാണ് കൈമാറുന്നത്. ഇത് കോഴി, താറാവ് തീറ്റകൾക്കും വളത്തിനുമായി ഉപയോഗിക്കുന്നു. സംഘങ്ങൾ കിലോയ്ക്ക് 5.20 രൂപ നിരക്കിൽ ശേഖരിക്കുന്ന കക്ക തമിഴ്നാട്ടിൽ എത്തുമ്പോൾ 7.50 രൂപയാവും. കക്കയ്ക്ക് സമാനമായ രാസവസ്തു ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് കിലോയ്ക്ക് മൂന്ന് രൂപയ്ക്കാണ്.ഇതോടെ സ്വകാര്യ കമ്പനികൾ കക്ക എടുക്കാതായി. ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ സംഘങ്ങളിൽ നിന്ന് കക്ക ശേഖരിക്കാൻ തമിഴ്നാട്ടിലെ കമ്പനികൾ തയ്യാറായപ്പോൾ കൊവിഡ് അടുത്ത പ്രതിസന്ധിയായി.
വേണം സർക്കാർ ഇടപെടൽ
പുലർച്ചെ മൂന്നിന് വള്ളത്തിൽ കയറിയാൽ നട്ടുച്ചയോടെയാണ് കരയ്‌ക്കെത്തുന്നത്. കക്ക പുഴുങ്ങി ഇറച്ചി വിറ്റാണ് തൊഴിലാളികൾ ജീവിതം തള്ളി നീക്കുന്നത്. കൊവിഡ് വ്യാപിച്ചതോടെ ഇറച്ചിക്ക് വിലകുറഞ്ഞു, ആവശ്യക്കാരും. ജോലിക്കനുസരിച്ച് വേതനം ലഭിക്കാത്തതിനാൽ തൊഴിലാളികൾ മറ്റ് മേഖലകളിലേക്ക് മാറിത്തുടങ്ങി. കക്ക ഇറച്ചിക്ക് വില നിശ്ചയിക്കുന്നത് ഇടനിലക്കാരാണ്.
................................
# കക്ക പൊടിഞ്ഞ വഴി
കക്കയുടെ ഉത്പ്പാദനം കുറയുന്നു
ഓരുവെള്ളം കയറാത്തത് പ്രധാന പ്രശ്നം
തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത് പ്രതിസന്ധി
റിസോർട്ട്,ഹൗസ് ബോട്ട് മാലിന്യങ്ങളും വിഷയം
മല്ലിക്കക്ക (ചെറിയകക്ക) വാരുന്നത് തടയാൻ കഴിയുന്നില്ല
മല്ലിക്കക്ക നശിച്ചാൽ ഉത്പ്പാദനം നഷ്ടമാകം
.....................................
പരിസ്ഥിതി പ്രശ്നം ഇല്ലാത്ത തരത്തിൽ യന്ത്രവത്കരണത്തിലൂടെ സഹകരണസംഘങ്ങൾക്ക് ചൂളകൾ സ്ഥാപിക്കാനുള്ള സഹായം നൽകണം. കൃഷിവകുപ്പ് പ്രാദേശിക സംഘങ്ങളെ ഒഴിവാക്കി ഗുണ നിലവാരമുള്ള നീറ്റുകക്ക കർഷകർക്ക് എത്തിക്കാൻ കക്ക സഹകരണസംഘങ്ങൾക്ക് അനുമതി നൽകണം.
കെ.പി.ഷാജി, സെക്രട്ടറി, കക്ക സഹകരണസംഘം കാവാലം.
.............................................
കർഷകർക്ക് ഗുണനിലവാരമുള്ള നീറ്റുകക്ക കൃത്യമായ അളവിൽ വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ കൃഷിവകുപ്പ് നടപടി സ്വീകരിക്കണം
ബേബി പാറക്കാടൻ, പ്രസിഡന്റ്, സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ
............................
# ഒരുകിലോ കക്കയുടെ വില: 5.20 രൂപ
# പത്ത് കിലോ നീറ്റുകക്കയ്ക്ക്: 140രൂപ
# സബ്സിഡി: 90 രൂപ
# സഹകരണസംഘങ്ങൾ: 11
# തൊഴിലാളികൾ: 4500