കായംകുളം: കായംകുളം ഗവ.ആശുപത്രി ഏറെക്കാലമായി സാമൂഹ്യ വിരുദ്ധരുടുയും മയക്കുമരുന്ന് കച്ചവടക്കാരുടെയും താവളമായി മാറിയിരിക്കുകയാണന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വിനീ ദേവ് ആരോപിച്ചു. ഒരു വിഭാഗം സ്വകാര്യ ആംബുലൻസ് ജീവനക്കാരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇവരിൽ പലരും ക്വട്ടേഷൻ സംഘങ്ങളിൽ ഉള്ളവരായതു കൊണ്ട് ഇവർക്കെതിരെ പരാതി പറയാൻ വനിതകളടക്കമുള്ള ജീവനക്കാരും അധികൃതരും ഭയപ്പെടുകയാണ് .
ആശുപത്രിയിൽ രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർ പലപ്പോഴും അപമാനിക്കപ്പെട്ടിട്ടുണ്ട്.
രാത്രികാലങ്ങളിൽ അത്യാഹിതത്തിൽപ്പെട്ടു വരുന്നവരോടൊപ്പം ഈ സാമൂഹ്യ വിരുദ്ധരും ആശുപത്രിക്കുള്ളിലേക്ക് സഹായിക്കാനെന്ന വ്യാജേന ഇടിച്ചു കയറി വനിതാ ജീവനക്കാരേയും രോഗികളേയും ഉപദ്രവിക്കുന്നവെന്ന് പരാതിയുണ്ട്. ആംബുലൻസ് വഴി മരുന്ന് കടത്തിയ സംഭവം പിടിക്കപ്പെട്ടിട്ടും ഈ സാമൂഹ്യ വിരുദ്ധരെ അമർച്ച ചെയ്യാനുള്ള ഒരു നടപടിയും പൊലീസ് സ്വീകരിക്കുന്നില്ല. ഇക്കൂട്ടരിൽ ഉൾപ്പെട്ടയാളാണ് പത്തനംതിട്ടയിൽ വച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയെ ആംബുലൻസിൽ പീഡിപ്പിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ എങ്ങിനെ 108 ആംബുലൻസിന്റെ ഡ്രൈവറായി നിയമിക്കപ്പെട്ടു എന്നത് അന്വേഷിക്കണം.
പൊലീസ് അലംഭാവത്തിനെതിരെ ബി.ജെ.പി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.