ആലപ്പുഴ: തുള്ളിക്കൊരുകുടം കണക്കെ പെയ്ത കനത്ത മഴയും ഒപ്പം കാറ്റും കടലാക്രമണവും ചേർന്ന് ജില്ലയിലെ ഇന്നലത്തെ പകലും ഇക്കഴിഞ്ഞ രാത്രിയും മുൾമുനയിലാക്കി. ശക്തമായ മഴ ഇനിയും തുടരുമെന്നാണ് കലാവസ്ഥ പ്രവചനം. ചെറുതും വലുതുമായ വ്യാപക നാശനഷ്ടങ്ങളാണ് പലേടത്തുമുണ്ടായത്.
കുട്ടനാട് താലൂക്കിൽ ഒരു വീട് പൂർണ്ണമായി തകർന്നു. അമ്പലപ്പുഴ താലൂക്കിൽ മൂന്നും കാർത്തികപ്പള്ളി താലൂക്കിൽ രണ്ടും വീടുകൾ ഭാഗികമായും ഒരു വീടിന്റെ മതിൽ പൂർണ്ണമായും തകർന്നു. ആറാട്ടുപുഴ തീരത്ത് മത്സ്യബന്ധനത്തിനിടെ ആഴക്കടലിൽ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപ്പgടുത്തി. കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല തീരങ്ങളിൽ കടൽകയറ്റം രൂക്ഷമാണ്. കൂറ്റൻ തിരമാലകൾ കടൽഭിത്തിക്ക് മുകളിലൂടെയും കടൽഭിത്തി ഇല്ലാത്ത ഭാഗങ്ങളിൽ കൂടിയും കരയിലേക്ക് ഇരച്ചുകയറി.
ജില്ലയുടെ തെക്കൻ മേഖലകളിൽ ശനിയാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇടവേളയില്ലാതെ പെയ്യുകയാണ്. ആലപ്പുഴ നഗരത്തിലും ചേർത്തല മേഖലയിലും ഏറെക്കുറെ ഇതേ സ്ഥിതിയായിരുന്നു. ഇന്നുകൂടി നില തുടർന്നാൽ ജില്ലയിലെ താഴ്ന്ന ഭാഗങ്ങൾ ദുരിതത്തിലാവും. കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.
തോരാമഴയെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തോട്ടപ്പള്ളി പൊഴിമുഖം തുറന്ന് കിടക്കുന്നതിനാൽ കുട്ടനാട്ടിൽ കാര്യമായി ജലനിരപ്പ് ഉയർന്നിട്ടില്ല. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിയായി തുടരുന്നു. ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങൾ മഴവെള്ളത്തിൽ മുങ്ങി. പലേടത്തും പച്ചക്കറി കൃഷികൾ നശിച്ചു. കുട്ടനാട്ടിൽ കാവാലം, കൈനകരി ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിലായി.
ഇരുണ്ട മാനം
ഇന്നലെ രാവിലെ മുതൽ ഇരുണ്ട അന്തരീക്ഷമായിരുന്നു ജില്ലയിൽ. ആലപ്പുഴ നഗരത്തിലെ പല റോഡുകളും തോരാമഴയിൽ മുങ്ങി. കനാലുകളുമായി ബന്ധപ്പെടുത്തി നിർമ്മിച്ചിട്ടുള്ള കാനകളുടെ ശുചീകരണ ജോലികൾ കൃത്യമായി നടക്കാത്തതിനാൽ മണലും ചെളിയും കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം. നഗരമദ്ധ്യത്തിലെ എ.വി.ജെ ജംഗ്ഷൻ-പിച്ചുഅയ്യർ ജംഗ്ഷൻ റോഡും ഇരുമ്പ് പാലം മുതൽ വടക്കോട്ട് വൈ.എം.സി.എ വരെയുള്ള പ്രധാന റോഡും തോടിനു സമമായി.
നെഞ്ചിടിപ്പ് കൂടുന്നു
കതിരുപ്രായമെത്തിയ നെല്ല് നിലംപൊത്തുമോ എന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ കർഷകർ.കൈനകരിയിലെ പ്രധാനപ്പെട്ട പല പാടശേഖരങ്ങളും മടവീണും വെള്ളക്കെട്ടുണ്ടായും ദുരിതത്തിലാണ്. ഇത്തവണ 12,500 ഹെക്ടർ സ്ഥലത്താണ് രണ്ടാം കൃഷി ഇറക്കിയത്. കഴിഞ്ഞ കാലവർഷത്തിലുണ്ടായ മഴവീഴ്ച അതിജീവിച്ചത് 5,312ഹെക്ടറിലെ കൃഷിയാണ്. 2825 ഹെക്ടർ കൃഷിക്ക് ഇലകരിച്ചിലും മുഞ്ഞ രോഗവും ബാധിച്ചു. 425 ഹെക്ടർ കൃഷിഭൂമിയിൽ മുഞ്ഞയും 2400 ഹെക്ടറിൽ ബാക്ടീരിയൽ ഇലകരിച്ചലും ബാധിച്ചിരുന്നു. കനത്ത മഴ തുടർന്നാൽ വലിയ നാശമായിരിക്കും കർഷകർ നേരിടേണ്ടി വരിക.
ജാഗ്രത വേണം
അറബിക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിനു പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 45 മുതൽ 55കി.മീ. വരെ വേഗത്തിൽ കാറ്റിനും തീരത്ത് 3.5 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും സാദ്ധ്യതയുണ്ട്.