ആലപ്പുഴ: കനത്ത മഴ കുട്ടനാട്ടിലുണ്ടാക്കിയത് വ്യാപക നാശം. ഒരു വീട് പൂർണ്ണമായി തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകൾക്ക് ഭാഗികമായ നാശം വിതച്ചു.

പലേടത്തും കരകൃഷിയും പച്ചക്കറി കൃഷിയും മടവെള്ളത്തിൽ മുങ്ങി. അമ്പലപ്പുഴ, തകഴി, എടത്വ, തലവടി, മുട്ടാർ, ചമ്പക്കുളം, വീയപുരം, കരുവാറ്റ മേഖലയിലാണ് കറ്റും മഴയും അതിതീവ്രമായത്. മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും നിലച്ചു. താഴ്ന്ന പ്രദേശങ്ങൾ മഴവെള്ളത്തിൽ മുങ്ങി. പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്തമഴ ഉച്ചയോടെ അല്പം ശമിച്ചെങ്കിലും വൈകിട്ട് വീണ്ടും ശക്തിയർജ്ജിച്ചു.

പമ്പ, മണിമല ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ സാദ്ധ്യതയുണ്ട്. മഴ നീണ്ടുനിന്നാൽ കുട്ടനാട്ടിൽ വീണ്ടുമൊരു വെള്ളപ്പൊക്കത്തിനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. രണ്ടാംകൃഷി ഏറെയുള്ള കുട്ടനാട്ടിലെ തകഴി കൃഷിഭവൻ പരിധിയിലെ കർഷകർ ആശങ്കയിലാണ്.