കൊല്ലം: ആലപ്പുഴ വള്ളികുന്നത്ത് സമസ്ത നായർ സമാജം ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉയരുന്ന ശ്രീവിദ്യാധിരാജ വിശ്വ തീർത്ഥാടന കേന്ദ്രത്തോട് അനുബന്ധിച്ച് 100 കോടിയുടെ വൈവിദ്ധ്യമാർന്ന പദ്ധതികൾ ആരംഭിക്കാൻ സമസ്ത നായർ സമാജം ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
ചട്ടമ്പിസ്വാമിയുടെ ദർശനം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് ശ്രീവിദ്യാധിരാജ വിശ്വ തീർത്ഥാടന കേന്ദ്രം സ്ഥാപിക്കുന്നത്. സമസ്ത നായർ സമാജം ഫൗണ്ടേഷന്റെ ലോകമെമ്പാടുമുള്ള ചാപ്റ്ററുകളുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കും. 25 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ശ്രീവിദ്യാധിരാജ വിശ്വ തീർത്ഥാടന കേന്ദ്രം, സമാജം ഹെഡ് ക്വാർട്ടേഴ്സ്, ഡോക്ടർ വാസുദേവാ പാരാ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ആയുർവേദ റിസർച്ച് സെന്റർ, സസ്യഭക്ഷണ ശൃംഖല, വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടവർക്ക് സംരക്ഷണകേന്ദ്രം, ജൈവകൃഷി പദ്ധതി, യോഗ കേന്ദ്രം, ശ്രീവിദ്യാധിരാജ ബാലസമാജം പഠനകേന്ദ്രം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ പരിശീലനകേന്ദ്രം, 5,000 വനിതകൾക്ക് സ്ഥിരം തൊഴിൽ നൽകുന്ന നിർമ്മാണ യൂണിറ്റുകൾ, വനിതകൾക്കായി മൈക്രോഫിനാൻസ് തുടങ്ങിയ പദ്ധതികളാണ് ഒന്നാം ഘട്ടമെന്ന നിലയിൽ നടപ്പാക്കാനും 2024 ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദിക്ക് മുമ്പ് പൂർത്തീകരിക്കാനും തീരുമാനിച്ചിട്ടുള്ളത്.