ഹരിപ്പാട്: കരുവാറ്റ സർവീസ് സഹകരണ ബാങ്കിലെ മോഷണവുമായി ബന്ധപ്പെട്ട് വാഹനവും ഗ്യാസ് സിലിണ്ടറും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പുരോഗതി.

ലോക്കർ തകർക്കാനായി ഗ്യാസ് കട്ടറാണ് മോഷ്ടാക്കൾ ഉപയോഗിച്ചത്. ഉപയോഗ ശേഷം ഒരു ആർഗൺ സിലിണ്ടറും ഒരു ഓക്സിജൻ സിലിണ്ടറും ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറും ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നത്. ഇതിൽ ആർഗൺ സിലിണ്ടറും ഓക്സിജൻ സിലിണ്ടറും അടൂർ പറക്കാട്ടുള്ള ഗ്യാസ് ഏജൻസിയിൽ നിന്നു മോഷണം പോയതാണെന്ന് പൊലീസ് കണ്ടെത്തി. ഏജൻസിയുടെ ഭാഗത്ത്‌ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാങ്കിന് സമീപം കണ്ടെന്നു പറയുന്ന, സമാന രീതിയിലുള്ള പിക്അപ്പ്‌ വാൻ കണ്ടതായി നാട്ടുകാർ മൊഴി നൽകി. ഇതോടെ ഇവിടങ്ങളിലും ദേശീയ പാതയിലും ഉൾപ്പടെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇത് പരിശോധിക്കുന്നതൊടെ വാഹനം കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ നിഗമനം.

പ്രധാനമായും രണ്ട് സംഘങ്ങളെയാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് സംഘങ്ങൾ അന്വേഷണം ഊർജ്ജിതമാക്കി. ബാങ്കിന്റെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുകയാണ്. അടൂർ ഭാഗത്തു നിന്നു ഗ്യാസ് സിലിണ്ടർ മോഷ്ടിക്കുകയും ബാങ്കിൽ ആസൂത്രിതമായി മോഷണം നടത്തുകയും ചെയ്‌തത്‌ പ്രാദേശിക സഹായത്തോടെ ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.