ndn

ഹരിപ്പാട്: എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങി കാറ്റിലും തിരയിലും പെട്ട മത്സ്യബന്ധന ബോട്ട് കടലിൽ താഴ്ന്നു. ബോട്ടിലെ ആറ് തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയ മത്സ്യത്തൊഴിലാളികൾ സാഹസികമായി രക്ഷപ്പെടുത്തി. അഴീക്കൽ സ്രായിക്കാട് പുതുവേൽ സുബ്രഹ്മണ്യൻ (60), ഇടവരമ്പിൽ രാജേഷ് (38), പറയിടത്ത് ജയലാൽ (39), ആദിത്യ ഭവനത്തിൽ കമലാകൃഷ്ണൻ (48), വള്ളിക്കാവ് പുതുക്കാട്ട് ഉദയൻ (55), കുലശേഖരപുരം കോട്ടക്കുപുറം സാധു പുരത്ത് അപ്പു (54) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

അഴീക്കലിൽ നിന്ന് പോയി തിരികെ വരുന്നതിനിടെ പമ്പാവാസൻ എന്ന ബോട്ടാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആറാട്ടുപുഴ കളളിക്കാട് തീരത്തിന് പടിഞ്ഞാറുവച്ച് എൻജിൻ കേടായി കുടുങ്ങിയത്. അഴീക്കലെ കൺട്രേൾ റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടെങ്കിലും കാറ്റും കടൽ പ്രക്ഷുബ്ദ്ധമായതും കാരണം മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റൽ പൊലീസിന്റെയും ബോട്ടുകൾക്ക് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാനായി തോട്ടപ്പളളി തീരദേശ പൊലീസും കളളിക്കാട്ടെത്തി. വിവരമറിഞ്ഞ് ആഴീക്കലിൽ നിന്ന് എസ്.ഗോവിന്ദ എന്ന വളളത്തിൽ പത്തോളം തൊഴിലാളികൾ എത്തിയാണ് ഇവരെ രണ്ടരയോടെ കരയ്ക്കെത്തിച്ചത്.

തടി ബോട്ട് കരയ്ക്കെത്തിക്കാൻ സാധിച്ചില്ല. നങ്കൂരമിട്ട് കടലിൽ ഉപേക്ഷിച്ച ബോട്ട് ശക്തമായ കാറ്റിലും തിരയിലും പെട്ട് ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഒഴുകിയെത്തിയ ശേഷം നാലരയോടെ കടലിൽ താഴ്ന്നു.