ചാരുംമൂട് : താമരക്കുളം പഞ്ചായത്തിൽ ഇന്നലെ 7 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആശങ്കയേറുന്നു.പാലമേൽ ചുനക്കര,നൂറനാട് പഞ്ചായത്തുകളിലായി നാലു പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

താമരക്കുളത്ത് 9-ാം വാർഡിൽ നാലു പേർക്കും ടൗൺ 13-ാം വാർഡിൽ 3 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കഴിഞ്ഞ നാലു ദിവസങ്ങളിലായി മാത്രം പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി. ഇവിടെ 3 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. ചൊവ്വാഴ്ച 100 പേർക്ക് കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പാലമേൽ പഞ്ചായത്തിൽ മുത്തൂറ്റ് സ്ഥാപനത്തിലെ ജീവനക്കാരിയടക്കം രണ്ടു പേർക്കും ചുനക്കര പഞ്ചായത്തിൽ സ്റ്റാഫ് നഴ്സിനും നൂറനാട് പഞ്ചായത്തിൽ ഒരു പൊലീസുകാരനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ ശനിയാഴ്ചയും ഒരു പൊലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചിരുന്നു. ഇവർ രണ്ടു പേരും ആലപ്പുഴയിലാണ് ജോലിചെയ്തിരുന്നത്.