hotel

പൂച്ചാക്കൽ: ജനകീയ ഹോട്ടലുകൾ വഴി വിശക്കാത്ത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞതായി എ.എം. ആരിഫ് എംപി പറഞ്ഞു. വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.

മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് സ്വരൂപിച്ച അഞ്ച് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈർ, പഞ്ചായത്ത് സെക്രട്ടറി ആർ.എ. പ്രദീപ് കുമാർ എന്നിവർ ചേർന്ന് എം.പിക്ക്‌ കൈമാറി. കുടുംബശ്രീ മിഷന്റെയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് അരൂക്കുറ്റി പഞ്ചായത്തിൽ പനക്കത്തറ ജംഗ്ഷന് സമീപം ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. പഞ്ചായത്ത് സി.ഡി.എസ് കമ്മിറ്റി തിരഞ്ഞെടുത്ത രുചി കാറ്ററിംഗ് ഗ്രൂപ്പിനാണ് ഹോട്ടലിന്റെ നടത്തിപ്പു ചുമതല. ഉച്ചയൂണും പ്രഭാത- സായാഹ്ന ഭക്ഷണവും ലഭിക്കും. ഉച്ചയൂണിന് 20 രൂപയാണ്. പ്രഭാതഭക്ഷണം, സായാഹ്ന ഭക്ഷണം, ലഘുഭക്ഷണം, ചായ, കാപ്പി എന്നിവ നിലവിലുള്ള സർക്കാർ നിരക്കിൽ ലഭിക്കും. പണം നൽകാനില്ലാത്തവർക്ക് സൗജന്യമായി ഭക്ഷണം നൽകും.

ജില്ലാ പഞ്ചായത്തിൽ നിന്നു 10,000 രൂപയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നു 20,000 രൂപയും പ്രവർത്തന ഫണ്ടായി വകയിരുത്തിയിട്ടുണ്ട്. വെള്ളം, വൈദ്യുതി, കെട്ടിടം, ഫർണിച്ചർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജനകീയ ഹോട്ടലിന് കുടുംബശ്രീ ജില്ലാ മിഷൻ 50,000 രൂപ റിവോൾവിംഗ് ഫണ്ടായും അനുവദിച്ചിട്ടുണ്ട്.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ആരംഭിക്കുന്ന പഠന കേന്ദ്രങ്ങളിൽ കെ.എസ്.എഫ്.ഇയുടെ സഹായത്തോടെ നൽകുന്ന ടിവി വിതരണവും ഇതോടൊപ്പം നടന്നു. ഷാനിമോൾ ഉസ്മാൻ എം.എൽ.എ പഞ്ചായത്തിലെ ക്ലബ് പ്രതിനിധികൾക്ക് ടിവി നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സസ്പെന്റഡ് ബ്രെഡ്‌ പദ്ധതി വഴി നിർദ്ധനർക്ക് സൗജന്യ ഭക്ഷണ കൂപ്പൺ വിതരണം ചെയ്യുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ് ചേർത്തല പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് കെ. രാജപ്പൻ നായർക്ക് നൽകി നിർവഹിച്ചു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. കൊച്ചപ്പൻ, ശ്യാമള സിദ്ധാർത്ഥൻ, പഞ്ചായത്ത് അംഗങ്ങളായ ദീപ സന്തോഷ്, പി.എം. അഹമ്മദ് കുട്ടി, എച്ച്. യാസ്മിൻ, പി.എസ്. ബാബു, ബി. വിനോദ്, ആബിദ അസീസ്, ഷാലിമാമോൾ, ഒ.കെ.ബഷീർ, എം.അശോകൻ, സി.ഡി.എസ് ചെയർപേഴ്സൺ സരിത രാജേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബി.ജയ, കേരള സ്റ്റേറ്റ് മാരിടൈം ബോർഡ് മെമ്പർ അഡ്വ. എം.കെ. ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു.