മാന്നാർ: ആലപ്പുഴയിലെ സൈനിക കൂട്ടായ്മയായ സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാമത് വാർഷികവും കഴിഞ്ഞ ജൂൺ 15നു ഗൾവാൻ താഴ്വരയിൽ നടന്ന ചൈന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹവിൽദാർ വിഷ്ണു ചെട്ടികുളങ്ങരയെ ആദരിക്കലും അഡ്വ. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് റീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി. മനോജ് എന്നിവർ സംസാരിച്ചു.
കൊവിഡ് ദുരിതം അനുഭവിക്കുന്ന തുമ്പോളി, തൃക്കുന്നപ്പുഴ ഭാഗങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കു 100 ഭക്ഷ്യക്കിറ്റ്, മൂന്ന് അഗതി മന്ദിരങ്ങളിലേക്ക് ഭക്ഷ്യ സാധനങ്ങൾ, ഓൺലൈൻ ക്ലാസുകൾക്കായി കുമാരപുരം പഞ്ചായത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് സ്മാർട്ട്‌ഫോൺ കൈമാറൽ എന്നീ ചടങ്ങുകളും നടന്നു. സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് ചാരിറ്റബിൾ സൊസൈറ്റി എല്ലാ മാസവും നൽകാറുള്ള സാമ്പത്തികസഹായം ഇരു വൃക്കകളും തകരാറിലായ പത്തിയൂർ സ്വദേശി ഹരീഷിനു കൈമാറി.
ചടങ്ങിൽ സംഘടന വൈസ് പ്രസിഡന്റ് ബാബുലാൽ, സെക്രട്ടറി ബിജു, ഭരണസമിതി അംഗങ്ങളായ അനിൽ, നിഷാദ്, സജിത്ത്, രവീൺ തുടങ്ങിയവർ പങ്കെടുത്തു.