ചേർത്തല: ചേന്നവേലി കടൽത്തീരത്ത് നങ്കൂരമിട്ടിരുന്ന വള്ളം കാറ്റിലും തിരയിലും പെട്ട് തകർന്നു. അർത്തുങ്കൽ, കാട്ടൂർ എന്നിവിടങ്ങളിൽ നിന്ന് സുരക്ഷിത താവളം തേടി കൊച്ചി ഹാർബറിലേക്ക് പോയ രണ്ട് വള്ളങ്ങൾ, യാത്രാ മദ്ധ്യേ കാറ്റിൽപ്പെട്ട് മുങ്ങി. ഈ വള്ളങ്ങളിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റ് വള്ളക്കാർ രക്ഷിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചേന്നവേലി കടപ്പുറത്ത് നങ്കൂരമിട്ടിരുന്ന അൽഫോൺസ വള്ളമാണ് തകർന്നത്. ഒറ്റമശേരി കുടിയാംശേരിൽ ബൈജു ലീഡറായുള്ള വള്ളം മത്സ്യബന്ധനം കഴിഞ്ഞ് നങ്കൂരമിട്ടിരിക്കുകയായിരുന്നു.35 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. അർത്തുങ്കൽ പാല്യത്തൈയിൽ അനീഷിന്റെ സാന്താ മരിയ,സജി കാട്ടൂരിന്റെ ഹോളി സ്പിരിറ്റ് എന്നീ വള്ളങ്ങളാണ് കൊച്ചി ഹാർബറിലേക്കുള്ള യാത്രാ മദ്ധ്യേ എറണാകുളം ഭാഗത്ത് മുങ്ങിയത്. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.